ഫൈനലില് ദക്ഷിണാഫ്രിക്കന് വനിതകളെ കീഴടക്കി ഇന്ത്യന് വനിതാ ടീം തങ്ങളുടെ കന്നി ലോകകപ്പ് കിരീടം നേടുമ്പോള് കളിയിലെ താരമായത് ഷഫാലി വര്മയെന്ന 21-കാരിയായിരുന്നു.
ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള് റിസര്വ് ടീമില് പോലും ഇടമില്ലാത്ത താരമായിരുന്നു ഷഫാലി. ഒടുവില് ഷഫാലിയുടെ സ്ഥാനത്ത് തകര്പ്പന് പ്രകടനം നടത്തിക്കൊണ്ടിരുന്ന പ്രതിക റാവലിന് പരിക്കേല്ക്കുന്നതോടെയാണ് സെലക്ടര്മാര് ഷഫാലിയെ ലോകകപ്പ് ടീമിലേക്ക് വിളിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ബാറ്റുകൊണ്ട് മാത്രമല്ല, പന്തെടുത്തും ഷഫാലി തിളങ്ങി.
സുനെ ലുസ്, മാരിസാന്ന കാപ്പ് എന്നിവരുടെ നിര്ണായക വിക്കറ്റുകള് നിര്ണായക സമയത്ത് ഇന്ത്യയ്ക്ക് വീഴ്ത്തായത് ഷഫാലിയിലൂടെയായിരുന്നു.
ഇപ്പോഴിതാ കലാശപ്പോരിലെ നിര്ണായക സമയത്ത് ഷഫാലിയെ പന്തേല്പ്പിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന് ഹര്മന്പ്രീത് കൗര്.
'ലോറയും സുനെയും ബാറ്റ് ചെയ്യുമ്പോള് അവര് വളരെ മികച്ച രീതിയില് പോകുന്നതായി തോന്നി. അപ്പോള് ഷഫാലി നില്ക്കുന്നത് ഞാന് കണ്ടു. നേരത്തേ അവള് ബാറ്റ് ചെയ്ത രീതിവെച്ച് ഇന്ന് അവളുടെ ദിവസമാണെന്ന് എനിക്ക് തോന്നി. അവള്ക്ക് ഒരു ഓവര് കൊടുക്കാന് എന്റെ മനസ് എന്നോട് പറഞ്ഞു.
ഞാന് ആ തോന്നലിനൊപ്പം പോകാന് തീരുമാനിച്ചു. അവളോട് തയ്യാറാണോ എന്ന് ചോദിച്ചു. അവള് ഉടന് തന്നെ അതെ എന്ന് മറുപടി വന്നു. അത് ഫലം കണ്ടു, മത്സര ശേഷം സംസാരിക്കവെ ക്യാപ്റ്റൻ ഹർമൻ പ്രീത് പറഞ്ഞു.
Content Highlights: Harmanpreet reveals the reason behind bowling Shafali