'രോഹിതിന്റെ ആ ഉപദേശം കണ്ണു നിറച്ചു'; തുറന്ന് പറഞ്ഞ് ജെമീമ

'2011 ലോകകപ്പിൽ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ രോഹിതും ഇതു പോലെയൊരു അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്'

വനിതാ ലോകകപ്പ് സെമിയിൽ മൈറ്റി ഓസീസിനെ തകർത്ത ഇന്ത്യൻ സംഘത്തിന്റെ ഹീറോയായിരുന്നു ജെമീമ റോഡ്രിഗ്വസ്. ഇന്ത്യയുടെ റെക്കോർഡ് റൺ ചേസിൽ അപരാജിത സെഞ്ച്വറിയുമായി നിലയുറപ്പിച്ച ജെമീമ മത്സര ശേഷം ഏറെ വൈകാരികമായി നടത്തിയ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരുന്നു.

2022 ലോകകപ്പിൽ ഫോമില്ലായ്മയുടെ പേരിൽ ടീമിന് പുറത്തായ ജെമീമ വൻ തിരിച്ച് വരവാണ് ഇക്കുറി നടത്തിയത്. 2022 ലോകകപ്പ് സമയത്ത് താൻ അനുഭവിച്ച ഡിപ്രഷൻ മറികടക്കാന്‍ രോഹിത് ശർമയുടെ ഒരു ഉപദേശം തനിക്ക് വലിയ ഗുണമായിട്ടുണ്ടെന്ന് പറയുകയാണ് ഇപ്പോൾ ജെമീമ.

2011 ലോകകപ്പിൽ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ രോഹിതും ഇതു പോലെയൊരു അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്. അദ്ദേഹം തന്റെ അനുഭവങ്ങൾ ജെമീമയോട് പങ്കു വച്ചതിങ്ങനെ.

'ഏതവസ്ഥയിലൂടെയാണ് ഞാനപ്പോൾ കടന്ന് പോവുന്നത് എന്ന് ഒരാൾക്കും അറിയില്ലായിരുന്നു. അതിനാൽ അധികമാരും എന്‍റെ അടുത്തേക്ക് വന്നില്ല. യുവരാജ് സിങ് മാത്രമാണ് അന്ന് എനിക്കൊപ്പം നിന്നത്. അദ്ദേഹം ഒരിക്കൽ എന്നെ ഡിന്നറിന് കൊണ്ട് പോയി. ഒരു മാസത്തോളമാണ് ഞാൻ അന്ന് ഡിപ്രഷിനൂടെ കടന്ന് പോയത്.ഉള്ളിൽ കരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. ജീവിതത്തിൽ പ്രതിസന്ധി കാലങ്ങൾ കടന്നു വരും. അടുത്ത അവസരത്തിനായി നീ ഒരുങ്ങിയിരിക്കണം' രോഹിത് പറഞ്ഞു. ഈ ഉപദേശം എപ്പോഴും തന്‍റെ ഉള്ളിലുണ്ടെന്ന് ജമീമ കൂട്ടിച്ചേര്‍ത്തു.

conten highlight : Jemimah Rodrigues says Rohit's advice was inspiring

To advertise here,contact us