ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ പാകിസ്താന് വിജയം. ലാഹോറിലെ ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ പാകിസ്താൻ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയെ 19.2 ഓവറില് 110 റണ്സിന് ഓള്ഔട്ടാക്കിയ പാകിസ്താന് മറുപടി ബാറ്റിങ്ങില് 41 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തില് വിജയത്തിലെത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ പാകിസ്താൻ സമനിലയിലെത്തി.
ടോസ് നേടിയ പാകിസ്താൻ ആദ്യം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് വിക്കറ്റെടുത്ത ഫഹീം അഷ്റഫ്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ സൽമാൻ മിർസ, രണ്ട് വിക്കറ്റ് വീഴ്ത്തിയ നസീം ഷാ എന്നിവരാണ് പ്രോട്ടീസിനെ 19.2 ഓവറിൽ 110 റൺസിന് പുറത്താക്കിയത്. 25 റൺസെടുത്ത ഡെവാൾഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിൽ വെറും 13.1 ഓവറിൽ ആതിഥേയർ വിജയലക്ഷ്യം മറി കടന്നു. സയിം അയൂബിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് പാക് വിജയം അനായാസമാക്കിയത്. 38 പന്തിൽ അഞ്ച് സിക്സറുകളും ആറ് ബൗണ്ടറികളും സഹിതം 71 റൺസെടുത്ത് സയിം അയൂബ് പുറത്താവാതെ നിന്നു. 23 പന്തിൽ 28 റൺസെടുത്ത സഹിബ്സാദ ഫർഹാനും മികച്ച സംഭാവന നൽകി. ബാബർ അസം 11 റൺസുമായി പുറത്താകെ നിന്നു.
Content Highlights: Saim Ayub's fifth T20 half-century helps Pakistan beat South Africa