ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ പരാജയം വഴങ്ങിയതിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ താരം ഇർഫാൻ പത്താൻ. ബാറ്റിങ് ഓർഡറിലെ സ്ഥിരമായ മാറ്റങ്ങൾക്കെതിരെയാണ് പത്താൻ തുറന്നടിച്ചത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ സ്ഥിരമായി ബാറ്റിങ് പൊസിഷൻ മാറ്റുന്നതും ഇർഫാൻ പത്താൻ ചൂണ്ടിക്കാണിച്ചു. എന്നാൽ ഈ മാറ്റങ്ങൾ താരത്തെയും ടീമിനെയും ബാധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
"സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം അദ്ദേഹം തുടർച്ചയായി ബാറ്റിങ് ഓർഡറിൽ ഇങ്ങനെ മുകളിലേക്കും താഴേക്കും നീങ്ങുകയാണ്. എന്നാൽ അത് എത്രത്തോളം ഫലപ്രദമാകുമെന്ന് എനിക്കറിയില്ല. ടി20 ക്രിക്കറ്റിൽ ഓപ്പണർമാർ ഒഴികെ മറ്റൊരു താരത്തിനും ഒരു നിശ്ചിത സ്ഥാനമില്ലെന്നും സ്ഥിരത പ്രധാനമാണെന്നും എനിക്കറിയാം. എന്നാൽ അതിന്റെ പേരിൽ സ്ഥിരത നഷ്ടപ്പെടുത്തുന്ന തരത്തിൽ ടീമിനെ ഇലാസ്റ്റിക് പോലെ ആക്കരുത്", പത്താൻ പറഞ്ഞു.
"തുടർച്ചയായി ഒരു താരത്തിന്റെ റോൾ മാറ്റുമ്പോൾ കാര്യങ്ങളെല്ലാം സ്വാഭാവികമായും മാറും. ഏഷ്യാ കപ്പിൽ സഞ്ജു സാംസൺ ചെയ്തതുപോലെ മധ്യ ഓവറുകളിൽ കളിക്കുന്നതുപോലെയല്ല ഓപ്പണിങ്ങിൽ കളിക്കുന്നത്. അതിന് വ്യത്യസ്തമായ ഒരു മാനസികാവസ്ഥയും ധാരാളം മാനസിക ശക്തിയും ആവശ്യമാണ്, അതോടൊപ്പം ടീമിന്റെ ശക്തമായ പിന്തുണയും ആവശ്യമാണ്," ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.
ഓസീസിനെതിരായ രണ്ടാം ടി20യിൽ വൺഡൗണായി ഇറങ്ങിയ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. ഓപ്പണറായെത്തിയ ശുഭ്മന് ഗില് പത്ത് പന്തില് അഞ്ച് റണ്സെടുത്ത് പുറത്തായപ്പോള് വണ്ഡൗണായി എത്തിയ സഞ്ജുവിന് നാല് പന്തില് രണ്ട് റണ്സ് മാത്രമാണ് എടുക്കാന് സാധിച്ചത്. താരത്തെ നഥാന് എല്ലിസ് വിക്കറ്റിന് മുന്നില് കുരുക്കുകയായിരുന്നു.
An early dismissal for Sanju Samson today - just 2 ! 2 early wickets for Australia ! #INDvAUS #INDvsAUS #AUSvIND #AUSvsIND pic.twitter.com/6zajXudXKX
സഞ്ജുവിനെ വണ്ഡൗണ് ഇറക്കി അപ്രതീക്ഷിത നീക്കമാണ് മെല്ബണില് ഇന്ത്യ നടത്തിയത്. ഓപ്പണര് ഗില് പുറത്തായപ്പോള് ക്യാപ്റ്റന് സൂര്യകുമാര് യാദവിനെ പ്രതീക്ഷിച്ചിരുന്നിടത്താണ് ഇന്ത്യ സഞ്ജുവിനെ ഇറക്കിയത്. കഴിഞ്ഞ ഏഷ്യാ കപ്പിലും അഞ്ചാം നമ്പറിലിറക്കിയ സഞ്ജുവിനെ ടോപ് ഓര്ഡറിലിറക്കാന് സമ്മര്ദ്ദമുണ്ടായിരുന്നു.
Content Highlights: Irfan Pathan warns India on shuffling Sanju Samson after AUS vs IND 2025 2nd T20