ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ട്വന്റി 20 മത്സരത്തിനും മഴ വില്ലനായേക്കുമെന്ന് സൂചന. രണ്ടാം മത്സരം നടക്കുന്ന മെൽബണിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. മെൽബണിൽ പ്രാദേശിക സമയം വൈകുന്നേരം 7 മണി മുതൽ രാത്രി 10 മണി വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് ഇന്ത്യൻ സമയം ഏകദേശം ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയാണ്.
നേരത്തെ കാൻബറയിൽ നടന്ന ഒന്നാം ട്വന്റി 20 മഴമൂലം ഉപേക്ഷിച്ചിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച സ്കോറിലേക്കെത്തവെയാണ് മഴ വില്ലനായെത്തിയത്. മത്സരം ഉപേക്ഷിക്കുമ്പോൾ ഇന്ത്യ 9.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുത്തിരുന്നു. 39 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും 37 റൺസെടുത്ത ഉപനായകൻ ശുഭ്മൻ ഗില്ലും മികച്ച ഫോമിൽ ക്രീസിലുണ്ടായിരുന്നു.
നേരത്തെ ഏകദിന പരമ്പരയിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-1നായിരുന്നു ഓസ്ട്രേലിയൻ വിജയം. ആദ്യ രണ്ട് ഏകദിനങ്ങളും ഓസ്ട്രേലിയ വിജയിച്ചു. പിന്നാലെ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ആശ്വാസ വിജയം നേടി.
Content Highlights: Rain Threat Looms Large Again As India Take On Australia