ഷമിക്ക് ആരുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ല; അഗാർക്കറിനെതിരെ ആഞ്ഞടിച്ച് ബംഗാള്‍ പരിശീലകൻ

മുഹമ്മദ് ഷമിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ലക്ഷ്മി രത്തൻ ശുക്ല പറഞ്ഞു

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റുമായി ബംഗാളിന്‍റെ വിജയത്തിൽ നിർണായകമായ ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ച് ബംഗാള്‍ പരിശീലകൻ ലക്ഷ്മി രത്തൻ ശുക്ല. മുഹമ്മദ് ഷമിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ലക്ഷ്മി രത്തൻ ശുക്ല പറഞ്ഞു.

മുഹമ്മദ് ഷമിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അവന്‍ തന്നെയാണ് അവന്‍റെ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്, അവന് ആരാധകരുടെയും മാധ്യമങ്ങളുടെയും പിന്തുണയുണ്ട്. അവരാണ് ഏറ്റവും വലിയ സെലക്ടര്‍മാരെന്നും ശുക്ല പറഞ്ഞു.

നേരത്തെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നത് കായികക്ഷമതയില്ലാത്തതിനാലാണെന്ന് ചീഫ് സെലക്ടർ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു. ഇതിന് പരോക്ഷ മറുപടി കൂടിയാണ് ബംഗാൾ പരിശീലകൻ നൽകിയത്.

ഗുജറാത്തിനെതിരെ ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റെടുത്ത ഷമി രണ്ടാം ഇന്നിംഗ്സില്‍ 38 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്താണ് ടീമിന്‍റെ വിജയശില്‍പിയായത്. ഈ സീസണില്‍ രണ്ട് രഞ്ജി മത്സരങ്ങളില്‍ നിന്നായി 10.46 ശരാശരിയില്‍ 15 വിക്കറ്റുകളാണ് ഷമി ബംഗാളിനായി എറിഞ്ഞിട്ടത്.

നേരത്തെ അജിത് അഗാര്‍ക്കറിനെ വിമർശിച്ച് ഷമിയും രംഗത്തെത്തിയിരുന്നു. രഞ്ജി ട്രോഫി മത്സരം കളിക്കുന്ന തനിക്ക് ഫിറ്റ്നെസ് പ്രശ്നങ്ങളൊന്നുമില്ലെന്നും സെലക്ടര്‍മാര്‍ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഷമി തുറന്നടിച്ചതോടെ ഇരുവരും തമ്മിലുള്ള വാക് പോര് കനത്തു.

Content Highlights: Shami doesn't need anyone's certificate; Bengal coach hits out at Agarkar

To advertise here,contact us