'അന്ന് ഓസ്ട്രേലിയയില്‍ ടീമിന് എന്നെ ആവശ്യമായിരുന്നു'; അഗാര്‍ക്കറിനെതിരെ മറ്റൊരു താരവും രംഗത്ത്

നേരത്തെ മുഹമ്മദ് ഷമിയും കരുൺ നായരും ടീമിലെടുക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചത് ചർച്ചയായിരുന്നു

ഇന്ത്യൻ‌ ടെസ്റ്റ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ ബിസിസിഐയോടും സെലക്ടർമാരോടും അതൃപ്തി പ്രകടിപ്പിച്ച് വെറ്ററൻ താരം അജിങ്ക്യ രഹാനെ. രഞ്ജി ട്രോഫിയിൽ ഛത്തീസ്ഗഡിനെതിരെ 303 പന്തിൽ നിന്ന് 159 റൺസ് നേടിയതിന് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ഓസ്ട്രേലിയയ്ക്കെതിരെ 3-1ന് അടിയറവ് പറഞ്ഞ ബോർഡർ ​ഗവാസ്കർ‌ ട്രോഫി പരമ്പരയിൽ ടീമിന് തന്നെ ആവശ്യമായിരുന്നെന്നും രഹാനെ തുറന്നടിച്ചു.

"ഇവിടെ പ്രായത്തെ കുറിച്ചല്ല, ഉദ്ദേശ്യവും ലക്ഷ്യവുമാണ് പ്രധാനം. എന്നെപ്പോലെ പരിചയസമ്പന്നനായ ഒരു കളിക്കാരന് തിരിച്ചുവരവിനുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്ന് ഞാൻ കരുതുന്നു. പക്ഷേ ഒരു തരത്തിലുള്ള ആശയവിനിമയവും അവിടെ ഉണ്ടായിരുന്നില്ല. ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിന് എന്നെ ആവശ്യമാണെന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. ഞാൻ അതിന് പൂർണ്ണമായും തയ്യാറായിരുന്നു", രഹാനെ പറഞ്ഞു.

ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിക്കെതിരെ കൂടുതൽ ഇന്ത്യൻ താരങ്ങളാണ് പ്രതിഷേധം അറിയിച്ച് രം​ഗത്തെത്തുന്നത്. രഹാനെയ്ക്ക് മുൻപ് സീനിയർ പേസ് ബൗളർ മുഹമ്മദ് ഷമിയും കരുൺ നായരും ടീമിലെടുക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചത് ചർച്ചയായിരുന്നു. ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് മുഹമ്മദ് ഷമി അ​ഗാർക്കറിനെതിരെ രം​ഗത്തെത്തിയത്. ഫിറ്റാണെന്ന് തെളിയിക്കാൻ രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിച്ചത് ചൂണ്ടിക്കാട്ടിയ താരം സെലക്ഷൻ പാനലിനെ ഫിറ്റ്നസ് വിവരങ്ങൾ അറിയിക്കേണ്ടത് തന്റെ ജോലിയല്ലെന്നും തുറന്നടിച്ചിരുന്നു. സെലക്ഷൻ പ്രക്രിയയിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ താരം രവിചന്ദ്രൻ അശ്വിനും ഷമിക്ക് പിന്തുണയറിച്ച് രം​ഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് കരുൺ നായരും സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ചത്. ഗോവയ്ക്കെതിരായ രഞ്ജി പോരാട്ടത്തിൽ സെഞ്ച്വറി നേടിയതിനു പിന്നാലെയാണ് താരം അഭിപ്രായം വ്യക്തമാക്കിയത്. 'തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കാതെ പോയത് നിരാശപ്പെടുത്തുന്നതാണ്. ഒരു പരമ്പര മാത്രം നോക്കിയല്ല വിലയിരുത്തേണ്ടത്. ഞാന്‍ അതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ മറ്റ് അഭിപ്രായങ്ങള്‍ പറയാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ എന്റെ കര്‍മം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ടീമില്‍ തിരിച്ചെത്തുകയെന്ന സ്വപ്‌നവും ഉപേക്ഷിക്കുന്നില്ല.', കരുൺ പറഞ്ഞു.

Content Highlights: 'Team needed me in Australia,' veteran India batter Ajinkya Rahane breaks silence on Test snub

To advertise here,contact us