ഡ്രെസിങ് റൂമിലെത്തിയതും ശ്രേയസ് ബോധംകെട്ട് വീണു; പരിക്കിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

താരത്തെ ഐസിയുവിൽ നിന്ന് മാറ്റിയെന്നും ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാഴ്ത്തിയാണ് വൈസ് ക്യാപ്റ്റൻ‌ ശ്രേയസ് അയ്യരുടെ പരിക്കിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന‌മത്സരത്തിനിടെയാണ് ശ്രേയസിന് ഗുരുതരമായ പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനിടെ ​ഇടത് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് സിഡ്‌നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരത്തെ ഐസിയുവിൽ നിന്ന് മാറ്റിയെന്നും ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഇപ്പോഴിതാ ശ്രേയസ് അയ്യരുടെ പരിക്കിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പരിക്കേറ്റതിന് പിന്നാലെ കളിക്കളത്തിൽ നിന്ന് ഡ്രെസിങ് റൂമിലെത്തിയതും ശ്രേയസ് ബോധരഹിതനായി വീണുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ വൈറ്റൽ പാരാമീറ്ററുകളെല്ലാം ആശങ്കപ്പെടുത്ത രീതിയിൽ താഴ്ന്നുവെന്നും ടീം വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഉടൻ തന്നെ ശ്രേയസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഐസിയുവിൽ പ്രവേശിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് സ്കാനിങ്ങിൽ പ്ലീഹയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയെന്നാണ് ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചത്. പരിക്ക് ​ഗുരുതരമായിരുന്നെന്നും തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതാണ് രക്ഷപ്പെടാൻ കാരണമായതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

നിലവിൽ അപകടനില തരണം ചെയ്ത ശ്രേയസിനെ ഐസിയുവിൽ നിന്ന് മാറ്റിയിട്ടുണ്ട്. എങ്കിലും അതീവ ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമായതിനാല്‍ ഏഴ് ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അണുബാധ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പരിചരണം ഒരാഴ്ച കൂടി നീട്ടുന്നചെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബിസിസിഐയുടെ മെഡിക്കല്‍ ടീം ശ്രേയസിന്റെ നില കൃത്യമായി വിലയിരുത്തുന്നുണ്ട്. സിഡ്നിയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം ടീം ഡോക്ടറുടെ സേവനവും ശ്രേയസിന് ലഭ്യമാക്കുന്നുണ്ട്.

ശ്രേയസിന്റെ കൂടെ നിലവിൽ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ ഉണ്ടെന്നാണ് റിപ്പോർ‌ട്ടുകൾ‌. വിസ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ കുടുംബാംഗങ്ങളില്‍ ഒരാള്‍ എത്തുമെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി. പരിക്കേറ്റ ശ്രേയസിനെ കാണാൻ താരത്തിന്റെ മാതാപിതാക്കൾ സിഡ‍്നിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. മകനോടൊപ്പം ചേരുന്നതിന് ശ്രേയസിന്റെ മാതാപിതാക്കൾ അടിയന്തര വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ അലക്‌സ്‌ കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് സംഭവം. മനോഹരമായ ക്യാച്ചിന് ശേഷം ​ഗുരുതരമായി പരിക്കേറ്റ ശ്രേയസിനെ ഡ്രസ്സിങ് റൂമിലേക്ക് എത്തിച്ചതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചിരുന്നു. ഏകദേശം മൂന്നാഴ്ചയോളം ശ്രേയസ് അയ്യർ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നാണ് തുടക്കത്തിലെ വിവരം. എന്നാൽ നിലവിലെ സാഹചര്യത്തിൽ പരിക്ക് ഭേദമാകാനുള്ള സമയം ഇനി കൂടുതലായേക്കാമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

Content Highlights: Shreyas Iyer Fainted In Dressing Room, Details about Injury, Report

To advertise here,contact us