ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാഴ്ത്തിയാണ് വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പരിക്കിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനമത്സരത്തിനിടെയാണ് ശ്രേയസിന് ഗുരുതരമായ പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് സിഡ്നിയിലെ ആശുപത്രിയിലുള്ള ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ പരിക്കേറ്റ ശ്രേയസിനെ കാണാൻ താരത്തിന്റെ മാതാപിതാക്കൾ സിഡ്നിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മകനോടൊപ്പം ചേരുന്നതിന് ശ്രേയസിന്റെ മാതാപിതാക്കൾ അടിയന്തര വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ അലക്സ് കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് സംഭവം. മനോഹരമായ ക്യാച്ചിന് ശേഷം ഗുരുതരമായി പരിക്കേറ്റ ശ്രേയസിനെ ഡ്രസ്സിങ് റൂമിലേക്ക് എത്തിച്ചതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചിരുന്നു. ഏകദേശം മൂന്നാഴ്ചയോളം ശ്രേയസ് അയ്യർ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നാണ് തുടക്കത്തിലെ വിവരം. എന്നാൽ നിലവിലെ സാഹചര്യത്തിൽ പരിക്ക് ഭേദമാകാനുള്ള സമയം ഇനി കൂടുതലായേക്കാമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
Content Highlights: Shreyas Iyer Injury: India Star's Parents Seek Urgent Visas To Join Him In Sydney