'സാധാരണ ക്യാപ്റ്റനല്ലേ ഇതൊക്കെ ചെയ്യുക'; രോഹിത് വാഷിങ്ടണ് നിര്‍ദേശം നല്‍കുന്ന വീഡിയോയ്ക്ക് പിന്നാലെ ആരാധകര്‍

ക്യാപ്റ്റനായ ശുഭ്മൻ ഗിൽ തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ തന്നെയാണ് രോഹിത്തിന്‍റെ ഇടപെടല്‍

'സാധാരണ ക്യാപ്റ്റനല്ലേ ഇതൊക്കെ ചെയ്യുക'; രോഹിത് വാഷിങ്ടണ് നിര്‍ദേശം നല്‍കുന്ന വീഡിയോയ്ക്ക് പിന്നാലെ ആരാധകര്‍
dot image

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പര കൈവിട്ടുകളഞ്ഞിരിക്കുകയാണ് ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരവും പരാജയം വഴങ്ങിയതിന് പിന്നാലെയാണ് ശുഭ്മൻ ​ഗില്ലും സംഘവും ഏകദിന പരമ്പര അടിയറവ് പറഞ്ഞത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം മത്സരം രണ്ട് വിക്കറ്റിനുമാണ് ഇന്ത്യ പരാജയം വഴങ്ങിയത്. ഇതോടെ ശുഭ്മൻ ​ഗിൽ ഏകദിന ക്യാപ്റ്റൻസി ഏറ്റെടുത്ത അരങ്ങേറ്റ പരമ്പര തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇപ്പോഴിതാ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനമത്സരത്തിനിടെ ഇന്ത്യൻ ബോളർ വാഷിങ്ടൺ സുന്ദറിന് നിർദേശങ്ങൾ നൽകുന്ന രോഹിത് ശർമയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. ഓസീസ് ബാറ്റിങ്ങിനിടെ മുൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ ടീമിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

നിലവിലെ ക്യാപ്റ്റനായ ശുഭ്മൻ ഗിൽ തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ തന്നെയാണ് രോഹിത് വാഷിങ്ടണിന് നിർദേശങ്ങൾ നൽകുന്നതാണ് വീഡിയോ. വാഷിങ്ടൺ സുന്ദറിന്റെ ബൗളിങ് സമയത്ത് രോഹിത് അദ്ദേഹത്തിന്റെ അടുത്തെത്തുകയും സംസാരിക്കുകയും ചെയ്തു. സുന്ദർ രോഹിത് പറയുന്നത് വളരെ ശ്രദ്ധയോടെ കേട്ടുനിൽക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അർഷ്ദീപ് സിങ്ങിനോടും മുഹമ്മദ് സിറാജിനോടുമെല്ലാം സംസാരിക്കുകയും നിർദേശം നൽകുകയും ചെയ്ത രോഹിത് ഫീൽഡ് സെറ്റ് ചെയ്യുന്നതിലും ഇടപെടുന്നതാണ് അഡ്ലെയ്ഡിൽ കണ്ടത്.

വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ രോഹിത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രം​ഗത്തെത്തി. രോഹിത്തിൽ നിന്ന് ക്യാപ്റ്റൻസിയുടെ ശീലങ്ങൾ ഇപ്പോഴും മാറിയിട്ടില്ലെന്നാണ് ആരാധകരിൽ ചിലരുടെ അഭിപ്രായം. എന്നാൽ ഇതെല്ലാം ക്യാപ്റ്റനാണ് ചെയ്യേണ്ടതെന്നും രോഹിത്തിന്റെ അനാവശ്യമായ ഇടപെടൽ‌ ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മൻ‌ ​ഗില്ലിനെ വളരുന്നതിൽ നിന്ന് തടയുകയാണ് ചെയ്യുന്നതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഗിൽ‌ ഒരു ബോളറെ അടുത്തേക്ക് വിളിച്ച് സംസാരിക്കുന്നതിൽ തെറ്റ് പറയാനാവില്ല. എന്നാൽ ക്യാപ്റ്റനായ ഗില്ലിനെ ചിത്രത്തിലേ ഉൾപ്പെടുത്താതെ ഇത്തരമൊരു നീക്കം രോഹിത് നടത്തുന്നത് ശരിയല്ലെന്നാണ് ആരാധകരുടെ വിമർശനം.

ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മൻ ഗില്ലിന് വളരാനുളള അവസരമാണ് ഈ പരമ്പര. 2027ലെ ഏകദിന ലോകകപ്പ് വരാനിരിക്കുമ്പോൾ ഗില്ലിന് മികച്ച ക്യാപ്റ്റനെന്ന നിലയിലേക്ക് ഉയരേണ്ടതുണ്ട്. എന്നാൽ ഇതിനുള്ള അവസരം ഗില്ലിന് ലഭിക്കുന്നില്ലെന്നത് നിരാശപ്പെടുത്തുന്നുവെന്നാണ് ആരാധകർ പറയുന്നത്.

Content Highlights: Rohit Sharma’s captaincy instincts grab spotlight in Adelaide as he fine-tunes Washington Sundar’s plan

dot image
To advertise here,contact us
dot image