രണ്ടാം ഏകദിനത്തില് ഇന്ത്യന് താരം വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്ത ഓസ്ട്രേലിയന് പേസര് സേവ്യര് ബാര്ട്ട്ലെറ്റിനെതിരേ സൈബര് ആക്രമണം. വ്യാഴാഴ്ച അഡ്ലെയ്ഡ് ഏകദിനത്തില് ഓസീസ് വിജയത്തില് നിര്ണായക പങ്കുവഹിച്ചത് മൂന്നു വിക്കറ്റ് വീഴ്ത്തിയ ബാര്ട്ട്ലെറ്റായിരുന്നു. രണ്ടാം ഏകദിനവും ജയിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കുകയും ചെയ്തു.
അഡ്ലെയ്ഡില് ഇന്ത്യന് ഇന്നിങ്സിലെ ഏഴാം ഓവറിലെ അഞ്ചാം പന്തിലാണ് ബാര്ട്ട്ലെറ്റ് കോഹ്ലിയെ മുന്നില് കുടുക്കിയത്. റണ്ണൊന്നുമെടുക്കാതെയായിരുന്നു കോലിയുടെ പുറത്താകല്. എന്നാല് ഇതിനു പിന്നാലെ എക്സിലും താരത്തിന്റെ ഇന്സ്റ്റാഗ്രാം പോസ്റ്റിനു താഴെയും കോലി ആരാധകര് കടുത്ത അധിക്ഷേപ വാക്കുകളാണ് കുറിക്കുന്നത്.
കരിയറില് ആദ്യമായാണ് തുടര്ച്ചയായ രണ്ട് ഏകദിന മത്സരങ്ങളില് കോലി ഡക്കാകുന്നത്. ആദ്യ മത്സരത്തിൽ പെർത്തിൽ എട്ട് പന്തുകൾ നേരിട്ട കോഹ്ലി റണ്ണൊന്നുമെടുക്കാതെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ പുറത്താകുമായിരുന്നു.
ഓസ്ട്രേലിയയില് കോലിയുടെ പ്രിയപ്പെട്ട മൈതാനമാണ് അഡ്ലെയ്ഡ്. ഇവിടെ എല്ലാ ഫോര്മാറ്റിലുമായി അഞ്ച് സെഞ്ചുറികള് ഉള്പ്പെടെ 975 റണ്സ് നേടിയിട്ടുണ്ട്. ഈ വേദിയിലെ ഒരു വിദേശ ബാറ്ററുടെ ഏറ്റവും മികച്ച റെക്കോർഡും അദ്ധേഹത്തിന്റെ പേരിലാണ്.
Content Highlights: cyber attack xavier bartlett for dismissing virat kohli.