'തയ്യാറെടുപ്പുകള്‍ നല്ലതായിരുന്നു'; രോഹിത്തിനെയും കോഹ്‌ലിയെയും പിന്തുണച്ച് ബാറ്റിങ് കോച്ച്

'അവരുടെ ഫോമിനെക്കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടുന്നത് ശരിയല്ല'

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിന് മുൻപായി ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും പ്രകടനത്തെ കുറിച്ച് ബാറ്റിങ് കോച്ച് സിതാൻ‌ഷു കൊട്ടക്. പെർത്തിലെ ഒന്നാം ഏകദിനത്തിൽ ഇരുതാരങ്ങളും നിരാശപ്പെടുത്തിയാണ് മടങ്ങിയത്. ഇന്ത്യ തോറ്റതിനേക്കാൾ കോഹ്‌ലിയുടെയും രോഹിത്തിന്റെയും പരാജയമാണ് ക്രിക്കറ്റ് വൃത്തങ്ങളിൽ ഏറെ ചർച്ചയായത്. പിന്നാലെ താരങ്ങളുടെ തയ്യാറെടുപ്പുകളെ കുറിച്ചും ഇടവേളകളെ കുറിച്ചും ചർച്ച ചെയ്യപ്പെട്ടു.

എന്നാൽ പെർത്തിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും പ്രകടനത്തില്‍ നിരാശനല്ലെന്നാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാൻഷു കൊട്ടക് പറയുന്നത്. ഇരുവരും മോശം തയ്യാറെടുപ്പാണ് നടത്തിയതെന്ന് കരുതുന്നില്ലെന്നും സിതാൻഷു പറഞ്ഞു. ഇരുവരുടെയും ഫോമില്‍ ആശങ്കയില്ലെന്ന് പറഞ്ഞ പരിശീലകന്‍ ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തു.

'കോഹ്‌ലിയുടെയും രോഹിത്തിന്റെയും മോശം പ്രകടനമാണെന്ന് ഞാൻ കരുതുന്നില്ല. അവര്‍ ഐപിഎല്‍ കളിച്ചു, ഇരുവരുടെയും തയ്യാറെടുപ്പ് വളരെ മികച്ചതായിരുന്നു. രണ്ടുപേര്‍ക്കും അനുഭവപരിചയമുണ്ട്. അവർക്ക് പ്രതികൂലമായി ബാധിച്ചത് കാലാവസ്ഥയാണെന്ന് തോന്നുന്നു. മത്സരത്തിനിടെ ഇടയ്ക്കിടെയുള്ള ഇടവേളകള്‍ കോഹ്ലിയെയും രോഹിതിനെയും ബാധിച്ചു. മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ തന്നെയാകുമായിരുന്നു. എത്ര ഓവര്‍ ബാറ്റ് ചെയ്യാന്‍ കിട്ടുമെന്ന് അറിയാത്ത ഘട്ടങ്ങളില്‍, പ്രത്യേകിച്ച് മഴ കാരണം മത്സരം ഇടയ്ക്കിടെ മുടങ്ങുമ്പോള്‍ പ്ലാന്‍ ചെയ്യുന്നത് എളുപ്പമല്ല. ഓരോ കുറച്ച് ഓവറിലും മത്സരം തടസപ്പെടുന്ന സാഹചര്യം ഏറെ ബുദ്ധിമുട്ടാണ്', സിതാൻഷു പറഞ്ഞു.

'ഓസ്‌ട്രേലിയയിലേക്ക് വരുന്നതിനു മുമ്പുതന്നെ രോഹിത്തും കോഹ്ലിയും മികച്ച തയ്യാറെടുപ്പുകള്‍ തന്നെയാണ് നടത്തിയത്. അതിനാല്‍ അവരുടെ ഫോമിനെക്കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടുന്നത് ശരിയല്ല. ഇരുവരും നന്നായി ബാറ്റ് ചെയ്‌തെന്നാണ് കരുതുന്നത്. അവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പരമ്പരയിലേക്ക് വരുമ്പോൾ, അവരുടെ ഫിറ്റ്‌നസ് നിലവാരത്തെക്കുറിച്ചും അവർ ചെയ്തുകൊണ്ടിരുന്ന തയ്യാറെടുപ്പുകളെക്കുറിച്ചും ഞങ്ങൾക്ക് അറിയാമായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) നിന്ന് അവരുടെ വീഡിയോകളിലേക്ക് ഞങ്ങൾക്ക് ആക്‌സസ് ഉണ്ടായിരുന്നു. അത്തരം മുതിർന്ന കളിക്കാരുള്ളതിനാൽ അവർ മികച്ച തയ്യാറെടുപ്പുകളാണോ എടുക്കുന്നതെന്ന് നോക്കേണ്ടിവരില്ല. നിങ്ങൾ വളരെയധികം ഇടപെടാൻ ശ്രമിച്ചാൽ അതൊരു മികച്ച സമീപനമായിരിക്കില്ല,' സിതാൻഷു കൂട്ടിച്ചേർത്തു.

Content Highlights: Preparations have been good: Sitanshu Kotak backs Rohit Sharma and Virat Kohli

To advertise here,contact us