ഓസ്ട്രേലിയക്കെതിരെയുള്ള ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ ടീമിൽ കുൽദീപ് യാദവിനെ കളിപ്പിക്കാത്തതിൽ വിമർശനവുമായി മുൻ ഇന്ത്യൻ താരവും സെലക്ടറുമായ ക്രിസ് ശ്രീകാന്ത്. മൂന്ന് പേസർമാരെയും രണ്ട് സ്പിൻ ബൗളിങ് ഓൾറൗണ്ടറെയുമാണ് ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. ആറാം ബൗളറായി നിതീഷ് കുമാർ റെഡ്ഡിയാണ് കളത്തിലിറങ്ങിയത്.
പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റിരുന്നു. മത്സരത്തിൽ സ്പിന്നർമാർ മികച്ച രീതിയിൽ കളിച്ചെന്നും അതിനാൽ കുൽദീപിനെ ഉൾപ്പെടുത്തമായിരുന്നു എന്നുമാണ് ശ്രീകാന്ത് പറയുന്നത്. ഓസ്ട്രേലിയക്കായി മാത്യു കുൻഹെമൻ രണ്ട് വിക്കറ്റെടുത്തെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
'സ്റ്റാർക്കിനെയും ഹേസൽവുഡിനെയും കൂടാതെ ആരാണ് അവർക്ക് നിർണായകമായ ബ്രേക്ക് ത്രൂകൾ നൽകിയത്? അത് കുൻഹെമാനാണ്. അക്സർ ഞങ്ങൾക്ക് വേണ്ടി ഒരു പ്രധാന വിക്കറ്റും വീഴ്ത്തി. സ്പിന്നർമാർ മികച്ച പ്രകടനം കാഴ്ചവച്ചു. അവർ എപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്. റിസ്റ്റ് സ്പിന്നർമാർ മാച്ച് വിന്നേഴ്സ് ആകാൻ കെൽപുള്ളവരാണ്. കുൽദീപിനെ അവർ ഒഴിവാക്കിയതിന്റെ യുക്തി എനിക്ക് മനസ്സിലായില്ല. കുൽദീപിനെയും വാഷിംഗ്ടണിനെയും അക്സറിനെയും ഞാൻ ഒരുമിച്ച് കളിപ്പിക്കും. മീഡിയം പേസർമാരേക്കാൾ സ്പിന്നർമാർ ഈ സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും,' യൂട്യബ് ചാനലിൽ സംസാരിക്കവെ ശ്രീകാന്ത് പറഞ്ഞു.
കുൽദീപ് ടെസ്റ്റിലും. ഏഷ്യാ കപ്പിലുമെല്ലാം മികച്ച ബൗളിങ് കാഴ്ചവെച്ചെന്നും ഓസ്ട്രേലിയൻ മണ്ണിൽ അവൻ ഫോമാകില്ലെന്ന ന്യായം വ്യക്തമാകുന്നില്ലെന്നും വേറെ എതെങ്കിലും ടീമായിരുന്നുവെങ്കിൽ കുൽദീപ് എന്തായാലും കളിച്ചേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights- Kris Srikanth Slams Indian team for not playinmg Kuldeep Yadav