ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലേറ്റ വന് തോല്വിക്കു പിന്നാലെ ടീം ഇലവൻ സെലക്ഷനിൽ രൂക്ഷ വിമര്ശനവുമായി മുന് ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. മഴ നിയമപ്രകാരം ഏഴു വിക്കറ്റിന്റെ പരാജയമാണ് ഈ മല്സരത്തില് ഇന്ത്യക്കു നേരിട്ടത്. ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമാണ് ഇന്ത്യയെ വലിയ തോല്വിയിലേക്കു തള്ളിയിട്ടത്.
മഴയെ തുടര്ന്നു 26 ഓവര് വീതമാക്കി കുറച്ച മല്സരത്തില് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു ഒമ്പതു വിക്കറ്റിനു 136 റണ്സ് നേടാനേ ആയുള്ളൂ. ഡിഎല്എസ് നിയമപ്രകാരം ജയിക്കാന് വേണ്ടിയിരുന്ന 131 റണ്സ് ഓസീസ് വളരെ അനായാസം മറികടക്കുകയും ചെയ്തു.
പെര്ത്ത് ഏകദിനത്തില് സ്റ്റാര് ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല് രാഹുലിനെ ആറാം നമ്പറിലേക്കു മാറ്റിയ തീരുമാനത്തെ കെ ശ്രീകാന്ത് രൂക്ഷമായി വിമര്ശിച്ചു. ടീമിലെ ഏറ്റവും മികച്ച ബാറ്ററായ രാഹുലാണ് കൂടുതല് ബോളുകള് കളിക്കേണ്ടതെന്നും അതിനാല് നേരത്തേ ക്രീസിലേക്കു അയക്കേണ്ടതും ആവശ്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ടീം മാനേജ്മെന്റിന്റെ തീരുമാനം വലിയ അബദ്ധമാണ്. അക്ഷര് പട്ടേലിനെയെല്ലാം ആരെങ്കിലും രാഹുലിനേക്കാള് നേരത്തേ ക്രീസിലേക്കു അയക്കുമോ? ഇതു ശുദ്ധ മണ്ടത്തരം തന്നെയാണ്. രാഹുല് വേറെ ലെവല് ബാറ്ററാണ്. നാല്, അഞ്ച്, ആറ് തുടങ്ങി ഏതു റോള് നല്കിയാലും അവിടെ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് അവന്. കഴിഞ്ഞ കളിയില് അക്ഷര് നന്നായി കളിച്ചില്ലെന്നു ഞാന് പറയില്ല. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച ക്ലാസിക് ബാറ്ററായ രാഹുലിനെ താഴേക്കു ഇറക്കുന്നതിനോടു ഒരിക്കലും ഞാന് യോജിക്കില്ലെന്നും ശ്രീകാന്ത് ആഞ്ഞടിച്ചു.
മിന്നുന്ന ഫോമിലുള്ള റിസ്റ്റ് സ്പിന്നര് കുല്ദീപ് യാദവിനെ ഇന്ത്യന് പ്ലെയിങ് ഇലവനില് നിന്നും ഒഴിവാക്കിയ തീരുമാനത്തെ കെ ശ്രീകാന്ത് രൂക്ഷമായി വിമര്ശിച്ചു. സ്പിന്നര്മാര് എല്ലായ്പ്പോഴും വിക്കറ്റെുക്കുന്നവരാണ്. ഓസ്ട്രേലിയന് ടീമിലേക്കു നോക്കൂ. അവര്ക്കായി മാത്യു ക്യുനെമാന് നന്നായി ബൗള് ചെയ്യുകയും രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു. ശ്രീകാന്ത് കൂട്ടിച്ചേർത്തു.
Content Highlights:srikanth on team selection of india vs australia