ഓസ്ട്രേലിയക്കെതിരെ ഇന്നലെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ കനത്ത തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. സീനിയർ താരങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും തിരിച്ചുവരവ് കൊണ്ടും ഏകദിനത്തിൽ പുതിയ നായകൻ ഗില്ലിന്റെ ക്യാപ്റ്റൻസി ആരോഹണം കൊണ്ടും ശ്രദ്ധേയമായ മൽസരമായിരുന്നു ഇത്. ഇന്ത്യയെ സംബന്ധിച്ച് ഈ വർഷം ഏകദിന ഫോർമാറ്റിലെ ആദ്യ തോൽവിയും ഈ മത്സരമാണ്.
തോൽവിയോടെ ഗില്ലിന്റെ മേലെ നാണക്കേടിന്റെ റെക്കോർഡാണ് ചാർത്തപ്പെട്ടത്. മൂന്ന് ഫോർമാറ്റിലും തോൽവിയോടെ തുടങ്ങിയ ക്യാപ്റ്റൻ എന്ന നാണക്കേടാണ് അത്. രോഹിത് ശർമ ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞതോടെ ഇന്ത്യൻ ടീമിൻ്റെ ടെസ്റ്റ് ക്യാപ്റ്റനായി ഈ വർഷം ആദ്യം ചുമതലയേറ്റ ശുഭ്മാൻ ഗിൽ ഇന്ത്യയെ നയിച്ച ആദ്യ മത്സരം ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഹെഡിംഗ്ലിയിൽ നടന്ന ഈ മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് തോറ്റത്.
അതിന് മുൻപ് 2024 ൽ ടി20 ലോകകപ്പ് നേടിയ ശേഷമുള്ള ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയുടെ എതിരാളി സിംബാബ്വേയായിരുന്നു. അന്ന് ടി20 ക്യാപ്റ്റനായി ഇന്ത്യയെ ആദ്യമായി നയിച്ച ഗില്ലിൻ്റെ പട, സിംബാബ്വേയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. 13 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇന്നലത്തെ ഏകദിന മത്സര തോൽവി കൂടി ഈ പട്ടികയിൽ ചേർക്കപ്പെട്ടതോടെ, വിരാട് കോലിക്ക് ശേഷം മൂന്ന് ഫോർമാറ്റുകളിലും ക്യാപ്റ്റനെന്ന നിലയിൽ ആദ്യ മത്സരം തോൽക്കുന്ന ഇന്ത്യൻ കളിക്കാരനായി ശുഭ്മാൻ ഗിൽ മാറി.
ഇന്ത്യൻ ടീമിൻ്റെ ടെസ്റ്റ് ക്യാപ്റ്റനായി 2014 ലാണ് വിരാട് കോഹ്ലി സ്ഥാനമേറ്റത്. അഡ്ലെയ്ഡിൽ ഓസീസിനെതിരെയായിരുന്നു ആദ്യ മത്സരം. 48 റൺസിന് ഇന്ത്യ ഓസീസിനോട് തോറ്റു. ഇതിന് മുൻപ് 2013 ജൂലൈയിൽ ഏകദിന ക്യാപ്റ്റനായി വിരാട് കോഹ്ലി ആദ്യമായി നയിച്ച ഇന്ത്യൻ ടീം ശ്രീലങ്കയോട് 161 റൺസിൻ്റെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. പിന്നീട് ടി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിൻ്റെ നായക പദവി ഏറ്റെടുത്തപ്പോഴും വിരാടിന് ജയത്തുടക്കം കിട്ടിയില്ല. 2017 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന് ഇന്ത്യ തോറ്റു.
Content Highlights: shubman gill joins virat kohli , three format lose starting record