'പവർ പ്ലേ പരാജയമായി'; ഓസീസിനെതിരായ തോൽവിക്ക് പിന്നിലെ കാരണം വിശദീകരിച്ച് ശുഭ്മാൻ ഗിൽ

'പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായി'

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ തോൽവിയുടെ കാരണം വിശദീകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ. 'പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായി. ഇടക്ക് മഴ കളി തടസ്സപ്പെടുത്തിയതും കളിയുടെ ഒഴുക്കിനെ നഷ്ടപ്പെടുത്തി, ഗിൽ പറഞ്ഞു. ഒരുപാട് പാഠങ്ങൾ പഠിക്കാനായെന്നും രണ്ടാം മത്സരത്തിൽ ശക്തമായി തിരിച്ചുവരുമെന്നും ഗിൽ കൂട്ടിച്ചേർത്തു.

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. ഇടയ്ക്കിടെ കളി മഴ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് 26 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുല്‍ (31 പന്തില്‍ 38), അക്‌സര്‍ പട്ടേല്‍ (38 പന്തില്‍ 31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

പിന്നീട് ഓസീസിന്റെ വിജയലക്ഷ്യം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 26 ഓവറില്‍ 131 റണ്‍സാക്കി ചുരുക്കി. ഓസീസ് 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മിച്ചൽ മാർഷ്(46), ജോഷ് ഫിലിപ്പ് (37), മാറ്റ് റെൻഷാ (21) എന്നിവരാണ് ഓസീസിന് ജയം അനായാസമാക്കിയത്.

Content Highlights: Shubman Gill explains the reason behind the defeat against Australia

To advertise here,contact us