ജമ്മു കശ്മീരിൽ നിന്നുള്ള ആദ്യ ഇന്ത്യൻ താരം; ക്രിക്കറ്റിൽ നിന്നും വിരമിച്ച് പർവേസ് റസൂൽ

2014ലാണ് താരം ആദ്യമായി ഇന്ത്യക്കായി ഏകദിനം കളിക്കാനിറങ്ങിയത്. ടി20യിൽ ആദ്യമായി ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത് 2017ലും.

ജമ്മു കശ്മീരിൽ നിന്നുള്ള ഇന്ത്യൻ താരം പർവേസ് റസൂൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നുമായി വിരമിക്കൽ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ നിന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ താരമാണ് പർവേസ് റസൂൽ. ഇന്ത്യക്കായി ഒരു ഏകദിന മത്സരവും ഒരു ടി20 മത്സരവും മാത്രമാണ് 36കാരൻ കളിച്ചത്. ദേശീയ, ആഭ്യന്തര ടീമുകളിൽ അവസരം കിട്ടാതെ വന്നതോടെയാണ് കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

2014ലാണ് താരം ആദ്യമായി ഇന്ത്യക്കായി ഏകദിനം കളിക്കാനിറങ്ങിയത്. ടി20യിൽ ആദ്യമായി ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത് 2017ലും. ഈ രണ്ട് മത്സരങ്ങളാണ് താരം ഇന്ത്യക്കായി ആകെ കളിച്ചതും. ഐപിഎല്ലിൽ വിവിധ ടീമുകൾക്കായി കളത്തിലെത്തി. 11 മത്സരങ്ങളാണ് താരം ഐപിഎല്ലിൽ കളിച്ചത്. പുനെ വാരിയേഴ്‌സ് ഇന്ത്യ, സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നീ ടീമുകൾക്കായാണ് പർവേസ് റസൂൽ ഐപിഎല്ലിൽ കളത്തിലെത്തിയത്.

2014ൽ സുരേഷ് റെയ്‌നയുടെ കീഴിൽ ബം?ഗ്ലാദേശിനെതിരെയാണ് പർവേസ് റസൂൽ ഏകദിന മത്സരം കളിച്ചത്. മത്സരത്തിൽ 10 ഓവർ എറിഞ്ഞ പർവേസ് റസൂൽ 60 റൺസ് വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കി.

വിരാട് കോഹ്‌ലിയുടെ കീഴിലാണ് പർവേസ് റസൂൽ ഇന്ത്യക്കായി ടി20 കളിച്ചത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ എട്ടാമനായി ക്രീസിലെത്തിയ താരം 6 പന്തിൽ 5 റൺസും പന്തെറിഞ്ഞപ്പോൾ 4 ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി. 11 ഐപിഎൽ മത്സരങ്ങളിൽ നിന്നു 17 റൺസും 4 വിക്കറ്റുമാണ് താരത്തിന്റെ സമ്പാദ്യം.

എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു കശ്മീരിനായി മിന്നും ഫോമിൽ കളിച്ച താരമാണ് റസൂൽ. ഓൾ റൗണ്ടറായ താരം 2008ലാണ് അരങ്ങേറിയത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 95 കളികൾ, 5648 റൺസ്, 352 വിക്കറ്റുകൾ. 164 ലിസ്റ്റ് എ മത്സരങ്ങൾ. 3982 റൺസ്, 21 വിക്കറ്റുകൾ. 71 ടി20 മത്സരങ്ങളിൽ നിന്നു 840 റൺസും 60 വിക്കറ്റുകളും വീഴ്ത്തി.

Content Highlights- Parvez Rasool Retired from cricket

To advertise here,contact us