ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വമ്പൻ ജയവുമായി ഇംഗ്ലണ്ട്. 65 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സാൾട്ടിൻറെയും ക്യാപ്റ്റൻ ഹാരി ബ്രൂക്കിൻറെയും അർധസെഞ്ച്വറികളുടെ കരുത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡ് 18 ഓവറിൽ 171 റൺസിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യമായ 237 റൺസ് പിന്തുടരാൻ ബാറ്റുവീശിയ ന്യൂസിലാൻഡ് 18 ഓവറിൽ 171 റൺസിൽ എല്ലാവരും പുറത്താകുകയായിരുന്നു. നാല് ബാറ്റർമാർ മാത്രമാണ് ന്യൂസിലാൻഡിനായി രണ്ടക്കം കടന്നത്.
ടിം സീഫർട്ട്(29 പന്തിൽ 39), മാർക് ചാപ്മാൻ(24 പന്തിൽ 28), മിച്ചൽ സാൻറ്നർ(15 പന്തിൽ 36), ജെയിംസ് നീഷം(13 പന്തിൽ 17) എന്നിവരൊഴികെ മറ്റാർക്കും കിവീസ് നിരയിൽ രണ്ടക്കം കടക്കാനായില്ല. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 32 റൺസ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ലൂക് വുഡും ബ്രെയ്ഡൻ കാഴ്സും ലിയാം ഡോസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ഇംഗ്ലണ്ടിനായി സാൾട്ട് 56 പന്തിൽഡ 85 റൺസ് നേടിയപ്പോൾ ബ്രൂക്ക് വെറും 35 പന്തിലാണ് 78 റൺ്സ്
അടിച്ചുക്കൂട്ടിയത്.
പവർ പ്ലേ തീർന്നതിന് പിന്നാലെ ക്രീസിൽ ഒന്നിച്ച ഹാരി ബ്രൂക്ക്-ഫിൽ സാൾട്ട് സഖ്യം പതിനെട്ടാം ഓവറിലണ് വേർ പിരിഞ്ഞത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 11.2 ഓവറിൽ 129 റൺസാണ് അടിച്ചെടുത്തത്. ബ്രൂക്ക് 22 പന്തിൽ അർധസെഞ്ച്വറി തികച്ചപ്പോൾ സാൾട്ട് 33ാം പന്തിലാണ് അർധെസെഞ്ച്വറി സ്വന്തമാക്കിയത്.
ജേക്കബ് ബേഥലും(12 പന്തിൽ 24) സാം കറനും(12 പന്തിൽ 29*) ഇംഗ്ലണ്ടിനായി ബാറ്റിങ്ങിൽ തിളങ്ങി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം ജയിച്ചതോടെ മൂന്ന് മത്സര പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച നടക്കും.
Content Highlights- England Won Against nZ in Second T20