ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിൻറെ പേരിൽ ചീഫ് സെലക്ടർ അജിത് അഗാർക്കർക്കെതിരെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി നടത്തിയ പരാമർശങ്ങളിൽ പിന്തുണയുമായി മുൻ താരം ആർ അശ്വിൻ.ഇന്ത്യൻ ക്രിക്കറ്റിലെ ആശയവിനിമയത്തിന്റെ പ്രശ്നങ്ങളാണ് ഇവിടെ ഇത്തരം വിമർശനങ്ങൾ ഉണ്ടാകുന്നതെന്നും കളിക്കാരോട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരുന്നെങ്കിൽ അത് ഒഴിവാക്കാമെന്നും അശ്വിൻ പറഞ്ഞു.
'കാര്യങ്ങൾ വളഞ്ഞവഴിയിൽ കൂടി പറയുകയാണ് ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റിലെ രീതി. അത് മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് കളിക്കാരുടെ ഭാഗത്തുനിന്നും സെലക്ടർമാരുടെ ഭാഗത്തുനിന്നും ഒരുപോലെ ഉത്ഭവിക്കേണ്ട കാര്യമാണ്. നേരിട്ടല്ലാതെ പറയുന്ന പലകാര്യങ്ങളും പുറത്തുവരുന്നത് വേറെ തരത്തിലായിരിക്കും. അപ്പോൾ കളിക്കാർക്ക് സെലക്ടർമാരെ സമീപിച്ച് ഇതാണെൻറെ മനസിലെന്ന് പറയാൻ ആത്മവിശ്വാസക്കുറവുണ്ടാകും.
ഷമി ചെയ്ത് നോക്കൂ, രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം ഷമി സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ചു. എന്തിനാണ് അവൻ അങ്ങനെ ചെയ്തതെന്ന് ചോദിച്ചാൽ അവനെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്നതിനെക്കുറിച്ച് അവന് വ്യക്തയില്ല എന്നതുകൊണ്ടാണത്.
സെലക്ടർമാരുടെ കാര്യത്തിൽ എനിക്ക് ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ ഓരോ തവണ ടീം സെലക്ഷൻ കഴിയുമ്പോഴും ചീഫ് സെലക്ടറോ ക്യാപ്റ്റനോ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുന്നു എന്നതാണ്. പക്ഷെ അപ്പോഴും ആളുകളെ ആദരവോടെ പരിഗണിക്കേണ്ടതുണ്ട്. പലകാര്യങ്ങളും നേരിട്ട് പറയാതെ വളച്ചുകെട്ടി പറയന്നത് ശരിക്കും ആശങ്കപ്പെടുത്തുന്നതാണ്,' തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ അശ്വിൻ പറഞ്ഞു.
ഫിറ്റാണെന്ന് തെളിയിക്കാൻ രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിച്ചത് ചൂണ്ടിക്കാട്ടിയ താരം സെലക്ഷൻ പാനലിനെ ഫിറ്റ്നസ് വിവരങ്ങൾ അറിയിക്കേണ്ടത് തന്റെ ജോലിയല്ലെന്നും തുറന്നടിച്ചിരുന്നു.എന്നാൽ പിന്നീട് ഷമിയുടെ ഫിറ്റ്നസും ടീമിലേക്കുള്ള തിരഞ്ഞെടുപ്പും സംബന്ധിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് അഗാർക്കർ രംഗത്തെത്തിയിരുന്നു. മാച്ച് ഫിറ്റാണെങ്കിൽ ഷമി ടീമിലുണ്ടാവുമെന്ന് അഗാർക്കർ എൻഡിടിവിയുടെ വേൾഡ് സമ്മിറ്റിൽ പറഞ്ഞിരുന്നു.
Content Highlights- Ashwin Supports Shamui for Speaking against selection