ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് നാളെ പെര്ത്തില് തുടക്കമാകും. ഏഴ് മാസത്തെ ഇടവേളക്കുശേഷം രോഹിതും കോഹ്ലിയും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയാണെന്ന പ്രത്യേകതയാണ് മത്സരത്തിനുള്ളത്. ക്യാപ്റ്റൻസിയുടെ ഭാരമില്ലാതെയെത്തുന്ന രോഹിതും റെക്കോർഡുകൾ ഭേദിക്കാൻ കിങ് കോഹ്ലിയും ഇറങ്ങുമ്പോള് ആരാധകരുടെ കണ്ണുകളെല്ലാം രോ-കോ സഖ്യത്തിലാകുമെന്നുറപ്പാണ്.
ഇപ്പോഴിതാ രോഹിത്- കോഹ്ലി സഖ്യത്തിന്റെ കംബാക്കിന് മഴ വില്ലനാവുമോയെന്ന ആശങ്കയിലാണ് ആരാധകർ. ആദ്യ ഏകദിനം നടക്കുന്ന പെർത്തിലെ കാലാവസ്ഥാ റിപ്പോർട്ടാണ് ഇപ്പോൾ ആശങ്ക പടർത്തുന്നത്. ഒക്ടോബർ 19 ഞായറാഴ്ച ഇന്ത്യന് സമയം ഒന്പത് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഈ ദിവസം പെർത്തിൽ മഴ പെയ്യാൻ 63 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെയാണെങ്കിൽ ഓപ്റ്റസ് സ്റ്റേഡിയത്തിൽ ആരാധകർ കാത്തിരിക്കുന്ന മത്സരത്തെ മഴ ബാധിച്ചേക്കാം.
accuweather.com ന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രാദേശിക സമയം രാവിലെ 11:30 ന് മത്സരം ആരംഭിക്കുന്നതിന് മുമ്പ് മഴ പെയ്യുമെന്നാണ് പ്രവചിക്കപ്പെടുന്നത്. മത്സരത്തിനിടയിൽ മഴയ്ക്കുള്ള സാധ്യത 35% ൽ കൂടുതലാണ്. ഇത് മത്സരത്തിനിടയിൽ തുടർച്ചയായി തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആരാധകരുടെയും കളിക്കാരുടെയും നിരാശ വർദ്ധിപ്പിക്കുകയും ചെയ്യും.
Content Highlights: Will rain spoil Ro-Ko's comeback? Perth Weather Forecast Revealed