ഇഷ്ടതാരം ദ്രാവിഡ്, അദ്ദേഹത്തിന്റെ ടെക്നിക്കുകൾ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്: ഋഷി സുനക്

ഇന്ത്യൻ പ്രീമിയർ ലീഗില്‍ തന്റെ പ്രിയപ്പെട്ട ടീമിനെ കുറിച്ചും സുനക് തുറന്നുപറഞ്ഞു

ക്രിക്കറ്റിലെ ഇഷ്ടപ്പെട്ട താരമായി ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡിനെ തിരഞ്ഞെടുത്ത് യുകെ മുൻ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയുടെ മുൻ താരവും മുൻ‌ കോച്ചുമായ ദ്രാവിഡിന്റെ ശൈലികൾ ചെറുപ്പത്തിൽ പോലും അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സുനക് പറഞ്ഞു. എൻ‌ഡി‌ടി‌വി വേൾഡ് സമ്മിറ്റ് 2025ൽ സംസാരിക്കവേയാണ് ക്രിക്കറ്റിനോടുള്ള തന്റെ സ്നേഹത്തെക്കുറിച്ച് സുനക് മനസ് തുറന്നത്.

ഇംഗ്ലണ്ടിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ക്രിക്കറ്റിന്റെ കാര്യത്തിൽ ഇന്ത്യയോട് തനിക്ക് ഇഷ്ടക്കൂടുതലുണ്ടെന്ന് സുനക് സമ്മതിക്കുകയും ചെയ്തു. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് തന്റെ പ്രിയപ്പെട്ട ടീമെന്നും സുനക് പറഞ്ഞു. ക്രിക്കറ്റ് എപ്പോഴും ജീവിതത്തിന്റെ ഭാ​ഗമായിരുന്നെന്നും സുനക് കൂട്ടിച്ചേർത്തു.

"ക്രിക്കറ്റിൽ ഞാൻ ഇംഗ്ലണ്ടിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷേ നിങ്ങൾക്ക് ഊഹിക്കാവുന്നതുപോലെ എനിക്ക് ഇന്ത്യയോട് തീർച്ചയായും ഒരു ഇഷ്ടക്കൂടുതലുണ്ട്. ഐപിഎല്ലിൽ ആർസിബിയെയും പിന്തുണയ്ക്കുന്നുണ്ട്", സുനക് പറഞ്ഞു.

"ഇംഗ്ലണ്ടിലെ യോര്‍ക്ക്‌ഷെയറാണ് എന്റെ മണ്ഡലം. യുകെയിൽ‌ ക്രിക്കറ്റ് ഭ്രാന്തന്മാർ‌ ഏറ്റവും കൂടുതലുള്ള പ്രദേശമാണിത്. അക്കാര്യത്തിൽ‌ ഞാൻ ഭാ​ഗ്യവാനാണ്. എന്റെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും ക്രിക്കറ്റ് ഉണ്ട്. എന്റെ പ്രിയപ്പെട്ട കളിക്കാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. അദ്ദേഹത്തിന്റെ പല സാങ്കേതികതകളും ഞാൻ പകർത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ താരങ്ങളിൽ പ്രിയപ്പെട്ട താരം ഇം​ഗ്ലണ്ട് ബാറ്റർ ജോ റൂട്ടാണ്. അദ്ദേഹം ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുണ്ട്. അദ്ദേഹം ഒരു യോര്‍ക്ക്‌ഷെയറുകാരനാണ്", സുനക് കൂട്ടിച്ചേർത്തു.

Content Highlights: "Tried Copying Rahul Dravid's Technique": Rishi Sunak about his Love For Cricket

To advertise here,contact us