പൃഥ്വി ഈസ് ബാക്ക് ! കേരളത്തിനെതിരെ മികച്ച ഫിഫ്റ്റിയുമായി ഷാ; മഹാരാഷ്ട്ര മികച്ച ലീഡിലേക്ക്

148 റൺസാണ് മഹാരാഷ്ട്രക്ക് നിലവിൽ സ്‌കോർബോർഡിലുള്ളത്

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ മഹാരാഷ്ട്ര മികച്ച ലീഡിലേക്ക്. രണ്ടാം ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാറ്റിങ് തുടരുന്ന മഹാരാഷ്ട്രക്ക് നിലവിൽ 168 റൺസിന്റെ ലീഡുണ്ട്. 148 റൺസാണ് മഹാരാഷ്ട്രക്ക് നിലവിൽ സ്‌കോർബോർഡിലുള്ളത്. അർധസെഞ്ച്വറി നേടിയ പൃഥ്വി ഷായാണ് മഹാരാഷ്ട്രേയുടെ ടോപ് സ്‌കോറർ.

തകർത്ത് കളിച്ച പൃഥി ഷാ 102 പന്തിൽ നിന്നും ഏഴ് ഫോറടക്കം 75 റൺസ് നേടി. അക്ഷയ് ചന്ദ്രന് വിക്കറ്റ് നൽകിയാണ് അദ്ദേഹം മടങ്ങിയത്. ക്ലാസിക്ക് ഷോട്ടുകൾ നിറഞ്ഞ ഇന്നിങ്‌സാണ് അദ്ദേഹം കാഴ്ചവെച്ചത്. 34 റൺസ് നേടി അർഷിൻ കുൽകർണി പുറത്തായി. 25 റൺസുമായി സിദ്ധേഷ് വീരും, 13 റൺസുമായി ഋതുരാജ് ഗെയ്ക്വാദുമാണ് നിലവിൽ ക്രീസിലുള്ളത്.

നേരത്തെ ഒന്നാം ഇന്നിങ്‌സിൽ 20 റൺസിന്റെ ലീഡ് നേടിയാണ് മഹാരാഷ്ട്ര ബാറ്റിങ് ആരംഭിച്ചത്.

മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 239 റൺസ് പിന്തുടർന്ന കേരളം മൂന്നാം ദിനം 219 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഇതോടെ മഹാരാഷ്ട്ര ആദ്യ ഇന്നിങ്സിൽ 20 റൺസ് ലീഡെടുത്തു.

കേരളത്തിന് വേണ്ടി സൂപ്പർ താരം സഞ്ജു സാംസൺ അർധ സെഞ്ച്വറി നേടിയിരുന്നു. 63 പന്തിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്സും സഹിതം 54 റൺസെടുത്ത സഞ്ജുവാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. 93 പന്തിൽ 49 റൺസെടുത്ത സൽമാൻ നിസാർ, 28 പന്തിൽ 27 റൺസെടുത്ത രോഹൻ കുന്നുമ്മൽ, 52 പന്തിൽ 36 റൺസെടുത്ത മുഹമ്മദ് അസറുദ്ദീൻ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് കേരളത്തിന്റെ നട്ടെല്ലൊടിച്ചത്. മുകേഷ് ചൗധരി, രജനീഷ് ഗുർബാനി, വിക്കി ഓസ്റ്റ്വാൾ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിന്റെ ബൗളിങ് മികവാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്. തുടക്കത്തിൽ 18 റൺസിന് അഞ്ചുവിക്കറ്റ് വീണ മഹരാഷ്ട്രയെ റിതുരാജ് ഗെയ്കവാദ് (91 ), ജലജ് സക്സേന(49) എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.

Content Highlights-Prithwi Shaw Fifty against Kerala in Ranji trophy

To advertise here,contact us