കാന്സറിനെതിരായ പോരാട്ടം ജയിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ആര്സിബിയുടെ മുന് താരമായിരുന്ന ഓസ്ട്രേലിയക്കാരന് നിക്ക് മാഡിന്സണ്. ഈ വര്ഷം ആദ്യമാണ് തനിക്ക് വൃഷണത്തില് കാന്സര് കണ്ടെത്തിയതെന്നും പിന്നീട് കീമോതെറാപ്പിക്ക് വിധേയനായെന്നും നിക്ക് പറഞ്ഞു. ഇപ്പോള് തന്റെ കരിയര് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണെന്നും താരം വെളിപ്പെടുത്തി.
ഓസ്ട്രേലിയക്കായി മൂന്ന് ടെസ്റ്റ് മത്സരങ്ങളും ആറ് ഏകദിനങ്ങളും കളിച്ച താരമാണ് മാഡിസണ്. ന്യൂ സൗത്ത് വെയില്സ് ടീമില് അംഗമായിരുന്ന മാഡിസണ് ഈ വര്ഷം മാര്ച്ചില് ടീമില് നിന്ന് പുറത്തായിരുന്നു. തുടര്ന്ന് മെഡിക്കല് നടപടിക്രമങ്ങള്ക്ക് വിധേയനായപ്പോഴാണ്. കാന്സര് അടിവയറ്റിലെ ലിംഫ് നോഡുകളിലേക്കും ശ്വാസകോശത്തിന്റെ ഭാഗങ്ങളിലേക്കും പടര്ന്നുകഴിഞ്ഞിരുന്നു. ചികിത്സാ നാളുകൾ ഭയാനകമായ അവസ്ഥയായിരുന്നു അതെന്നും താരം വ്യക്തമാക്കി.
2014, 2015 ഐപിഎല് സീസണുകളില് ആര്സിബി ടീമില് താരം അംഗമായിരുന്നു. എന്നാല് രണ്ടു സീസണുകളിലായി മൂന്ന് ഐപിഎല് മത്സരങ്ങളില് മാത്രമാണ് മാഡിസണ് കളിക്കാന് സാധിച്ചത്. എന്നാല് കീമോതെറാപ്പി ആഗ്രഹിച്ച ഫലം നല്കിയെന്നും ക്രിക്കറ്റ് ജീവിതം പുനരാരംഭിക്കാന് ഒരുങ്ങുകയാണെന്നും താരം വ്യക്തമാക്കി. ന്യൂ സൗത്ത് വെയില്സ് ടീമംഗങ്ങള്ക്കൊപ്പം ഗ്രൗണ്ടില് പരിശീലനത്തിനായുള്ള ഒരുക്കത്തിലാണ് താരം.
Content Highlights- nick maddinson cancer recovery