രഞ്ജി ട്രോഫിയിൽ മിന്നിതിളങ്ങി ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. ഉത്തരാഖണ്ഡിനെതിരെ രണ്ട് ഇന്നിങ്സിൽ നിന്നുമായി ഏഴ് വിക്കറ്റാണ് ഷമി ബംഗാളിനായി നേടിയത്. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റുമായി ഫോമിന്റെ സൂചന നൽകിയ ഷമി രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റുകൾ കൂടി സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ 14.5 ഓവറിൽ വെറും 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ രണ്ടാം ഇന്നിങ്സിൽ 24.4 ഓവറിൽ വെറും 38 റൺസ് വഴങ്ങിയാണ് ഷമി നാല് വിക്കറ്റുകൾ എറിഞ്ഞിട്ടത്.
താരത്തിന്റെ ബൗളിങ് ബലത്തിൽ ഉത്തരാഖണ്ഡിനെ 265ന് ഓളൗട്ടാക്കാൻ ബംഗാളിനായി. നേരത്തെ ഒന്നാം ഇന്നിങ്സിൽ ബംഗാൾ 110 റൺസിന്റെ ലീഡ് നേടിയരുന്നു. ടെസ്റ്റ് വിജയിക്കാൻ 156 റൺസാണ് ബംഗളാിന് വേണ്ടത്.
ഷമിയുടെ ഫിറ്റ്നസ് മൂലമാണ് ടീമിൽ തിരഞ്ഞെടുക്കാതിരുന്നതെന്ന സെലക്ടർ അജിത് അഗാർക്കറിനുള്ള മറുപടിയാണ് ഷമി ബൗളിങ്ങിലൂടെ നൽകുന്നത്, നേരത്തെ. ആദ്യ ഇന്നിങ്സിൽ എക്കോണമിയിൽ പന്തെറിഞ്ഞ ഷമി രണ്ടാം ഇന്നിങ്സിൽ വെറും .54 എക്കോണമിയിലാണ് ഓവർ എറിഞ്ഞത്.
ചാമ്പ്യൻസ് ട്രോഫിയിലാണ് ഷമി ഇന്ത്യക്കായി അവസാനം കളിച്ചത്. ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയിൽ താരത്തിന് അവസരം ലഭിച്ചില്ല. ഏകദിന, ടി-20 ടീമുകളിൽ നിന്ന് ഒഴിവാക്കിയതിനെ ഷമി പരോക്ഷമായി ചോദ്യം ചെയ്തിരുന്നു. ഫിറ്റാണെന്ന് തെളിയിക്കാൻ രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിച്ചത് ചൂണ്ടിക്കാട്ടിയ താരം സെലക്ഷൻ പാനലിനെ ഫിറ്റ്നസ് വിവരങ്ങൾ അറിയിക്കേണ്ടത് തന്റെ ജോലിയല്ലെന്നും തുറന്നടിച്ചിരുന്നു.
എന്നാൽ പിന്നീട് ഷമിയുടെ ഫിറ്റ്നസും ടീമിലേക്കുള്ള തിരഞ്ഞെടുപ്പും സംബന്ധിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് അഗാർക്കർ രംഗത്തെത്തിയിരുന്നു. മാച്ച് ഫിറ്റാണെങ്കിൽ ഷമി ടീമിലുണ്ടാവുമെന്ന് അഗാർക്കർ എൻഡിടിവിയുടെ വേൾഡ് സമ്മിറ്റിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ അഗാർക്കറിനെതിരെ ആഞ്ഞടിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഷമി.
ഉത്തരാഖണ്ഡിനെതിരെയുള്ള മൂന്നാം ദിനം കഴിഞ്ഞതിന് ശേഷമാണ് ഷമി വീണ്ടും പ്രതികരിച്ചത്. 'അയാൾ എന്ത് വേണമെങ്കിലും പറയട്ടെ, ഞാൻ ബൗൾ ചെയ്യുന്നത് നിങ്ങൾ കണ്ടതാണ്. നിങ്ങളുടെ കണ്ണിന് മുന്നിലുള്ളത് വിലയിരുത്തുക,' ഷമി പറഞ്ഞു.
'മുഹമ്മദ് ഷമി മാച്ച് ഫിറ്റായിരുന്നെങ്കിൽ അദ്ദേഹമിന്ന് ടീമിലുണ്ടാവുമായിരുന്നു. അവനത് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാനതിന് മറുപടി നൽകുമായിരുന്നു. സോഷ്യൽ മീഡിയയിൽ ഷമി എന്താണ് പറഞ്ഞതെന്നറിയില്ല. ഞാനത് കണ്ടിരുന്നെങ്കിൽ അദ്ദേഹക്കെ വിളിക്കുമായിരുന്നു. താരങ്ങൾക്ക് എപ്പോഴും എന്നെ വിളിക്കാം. കഴിഞ്ഞ മാസങ്ങളുമായി അവനോട് പലതവണ ഞാൻ ചാറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ഒന്നും പറഞ്ഞിരുന്നില്ല.', എന്നായിരുന്നു അഗാർക്കർ കഴിഞ്ഞത് ദിവസം പറഞ്ഞത്.
Content Highlights- Muhammed Shami Massive Performance in Ranji Trophy