ആഡംബര വസ്തുക്കള്ക്കായി പണം ചെലവാക്കുന്നത് തനിക്ക് കുറ്റബോധം ഉണ്ടാക്കുന്ന കാര്യമാണെന്ന് ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുണ് ചക്രവര്ത്തി. പണത്തിന്റെ വിലയെന്താണെന്ന് നന്നായി തന്നെ അറിഞ്ഞാണ് വളര്ന്നതെന്നും അതുകൊണ്ട് ലഭിക്കുന്ന പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് താന് കരുതുന്നതെന്നും വരുൺ പറഞ്ഞു. എങ്കിലും ആഡംബര വസ്തുക്കളില് പണം ചെലവാക്കുന്നവരെ കുറ്റപ്പെടുത്താനില്ലെന്നും വരുണ് കൂട്ടിച്ചേർത്തു. ഗൗരവ് കപൂറുമായുള്ള ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന പരിപാടിയിൽ സംസാരിക്കവേയാണ് താരം മനസ് തുറന്നത്.
'ഒരു സാധാരണ മിഡില്ക്ലാസുകാരന്റെ മനസാണ് എനിക്ക് ഇപ്പോഴുമുള്ളത്. പണത്തിന് വേണ്ടി എന്തെല്ലാം ചെയ്യാം എന്നെനിക്കറിയാം. പണത്തിന്റെ വില എന്താണെന്ന് നന്നായി അറിഞ്ഞാണ് വളര്ന്നത്. അതുകൊണ്ട് തന്നെ അത് ഉപയോഗിക്കുമ്പോള് അത്രയും കരുതലും ശ്രദ്ധയും വേണം. എന്റെ ലൈഫ്സ്റ്റൈല് മാറ്റുന്നതിനേക്കാള് മറ്റൊരാളുടെ ജീവിതം മെച്ചപ്പെടുത്തുന്നതാണ് എനിക്ക് കൂടുതല് മനോഹരമായി തോന്നിയിട്ടുള്ളത്', വരുണ് പറയുന്നു.
'ഒരിക്കല് ഒരു വിലകൂടിയ ഒരു വാച്ച് ഞാന് വാങ്ങിയിരുന്നു. പിന്നീട് അതില് കുറ്റബോധം ഉണ്ടായിട്ടുണ്ട്. ഞാന് 30 ലക്ഷത്തിന്റെയോ 40 ലക്ഷത്തിന്റെയോ ഒരു വാച്ച് വാങ്ങിയെന്ന് കരുതുക. ഒരാളുടെ ഒന്നോ രണ്ടോ തലമുറയുടെ ജീവിതം മാറ്റാനുള്ള ശേഷി ആ പണത്തിനുണ്ട്. ഇതിലും വിലകൂടിയ സാധനങ്ങള് വാങ്ങുന്നവരെ എനിക്കറിയാം. എന്റെ ബാല്യകാല സുഹൃത്തുക്കളില് പലരും ഇപ്പോഴും ഫുഡ് ഡെലിവറിക്ക് പോകുന്നവരാണ്. അവര്ക്ക് മുന്നിലൂടെ വലിയ വിലയുള്ള വാച്ചോ മറ്റ് സാധനങ്ങളോ ഉപയോഗിച്ച് ആഡംബരം കാണിക്കുന്നത് അവരെ അപമാനിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതെല്ലാം എന്റെ ചിന്തകളാണ്. മറ്റാരെയും ജഡ്ജ് ചെയ്യാന് ഞാന് ആളല്ല', വരുണ് ചക്രവര്ത്തി കൂട്ടിച്ചേർത്തു.
Content Highlights: 'I can’t wear a Rs 3 lakh watch around my friends': says Varun Chakravarthy