'ടി20 ക്യാപ്റ്റന്‍സി നഷ്ടപ്പെടുമോയെന്ന ഭയമുണ്ട്, കാരണം അയാളുടെ വളര്‍ച്ച'; തുറന്നുസമ്മതിച്ച് സൂര്യകുമാർ

'എന്നാല്‍ ആ ഭയമാണ് എന്നെ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കാന്‍ പ്രചോദിപ്പിക്കുന്നത്'

ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി നഷ്ടപ്പെടുമോയെന്ന് ഭയമുണ്ടെന്ന് സൂര്യകുമാര്‍ യാദവ്. ഇന്ത്യയുടെ നിലവിലെ ടെസ്റ്റ്-ഏകദിന ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിന്റെ വളര്‍ച്ചയാണ് ഈ ഭയത്തിന് പിന്നിലെന്നും സൂര്യ തുറന്നുപറഞ്ഞു. എന്നാല്‍ ആ ഭയം തന്നെ മികച്ച പ്രകടനം നടത്താന്‍ കൂടുതല്‍ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഗില്‍ ക്യാപ്റ്റനായതില്‍ സന്തോഷമുണ്ടെന്നും സൂര്യ പറഞ്ഞു.

'ഗില്‍ രണ്ട് ഫോര്‍മാറ്റുകളിലും ക്യാപ്റ്റനായതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. സത്യം പറഞ്ഞാല്‍ ടി20 നായകസ്ഥാനം കൈവിടേണ്ടിവരുമോ എന്നതില്‍ ഭയമുണ്ട്. എന്നാല്‍ ആ ഭയമാണ് എന്നെ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കാന്‍ പ്രചോദിപ്പിക്കുന്നത്. കളിക്കളത്തിന് അകത്തും പുറത്തും ഗില്ലിനും ഇടയില്‍ മികച്ച സൗഹൃദമാണുള്ളത്. ഗില്‍ എത്തരത്തിലുള്ള കളിക്കാരനും മനുഷ്യനുമാണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ഞാന്‍ സന്തോഷിക്കുകയാണ് ചെയ്യുന്നത്', ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യ പറഞ്ഞു.

ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റമത്സരത്തിന് ഒരുങ്ങുകയാണ് ശുഭ്മന്‍ ഗില്‍. ഓസീസ് പര്യടനത്തിന് മുന്നോടിയായി അപ്രതീക്ഷിതമായി ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കുകയായിരുന്നു. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയാണ് മാനേജ്മെന്റ് ഗില്ലിനെ നായകനാക്കിയത്.

Content Highlights: Fear of losing T20 captaincy amid Shubman's rise motivates me says Suryakumar Yadav

To advertise here,contact us