സി കെ നായിഡു ട്രോഫി : കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 270ൽ അവസാനിച്ചു

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് രണ്ടാം ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 134 റൺസെന്ന നിലയിലാണ്

സൂറത്ത് : 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളം ആദ്യ ഇന്നിങ്‌സിൽ 270 റൺസിന് പുറത്ത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് രണ്ടാം ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 134 റൺസെന്ന നിലയിലാണ്.

അഞ്ച് വിക്കറ്റിന് 204 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടർന്ന കേരളത്തിന് തുടക്കത്തിൽ തന്നെ വരുൺ നായനാരുടെ വിക്കറ്റ് നഷ്ടമായി. തലേന്നത്തെ സ്‌കോറായ 91ൽ നിന്ന് രണ്ട് റൺസ് മാത്രമാണ് വരുണിന് കൂട്ടിച്ചേർക്കാനായത്. 240 പന്തുകളിൽ എട്ട് ഫോറും ഒരു സിക്‌സുമടക്കമാണ് വരുൺ 93 റൺസ് നേടിയത്. അഭിജിത് പ്രവീൺ നാലും വിജയ് വിശ്വനാഥ് ഒൻപത് റൺസും നേടി പുറത്തായി. ഒൻപതാമനായി ഇറങ്ങി 31 റൺസുമായി പുറത്താകാതെ നിന്ന അബി ബിജുവിന്റെ ഇന്നിങ്‌സാണ് കേരളത്തിന്റെ സ്‌കോർ 270ൽ എത്തിച്ചത്.ഗുജറാത്തിന് വേണ്ടി ഭവ്യ ചൌഹാനും കൃഷ് അമിത് ഗുപ്തയും മൂന്ന് വിക്കറ്റ് വീതവും ഷെൻ പട്ടേൽ രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 46 റൺസെടുക്കുന്നതിനിടെ അവർക്ക് നാല് വിക്കറ്റ് നഷ്ടപ്പെട്ടു. ക്യാപ്റ്റൻ അഭിജിത് പ്രവീണായിരുന്നു ഇതിൽ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.അഞ്ചാം വിക്കറ്റിൽ ആദിത്യ റാവലും കൃഷ് അമിത് ഗുപ്തയും ചേർന്നുള്ള കൂട്ടുകെട്ടാണ് ഗുജറാത്തിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 87 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. എന്നാൽ രണ്ടാം ദിവസത്തെ കളി അവസാനിക്കുന്നത് തൊട്ടു മുൻപ് ആദിത്യയെ പുറത്താക്കി കൈലാസ് ബി നായർ കൂട്ടുകെട്ടിന് അവസാനമിട്ടു.46 റൺസാണ് ആദിത്യ റാവൽ നേടിയത്. കൃഷ് അമിത് ഗുപ്ത 40 റൺസുമായി ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി അഭിജിത് പ്രവീണും കൈലാസ് ബി നായരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights- Kerala Scored 70 runs ins CK Naidu Trophy

To advertise here,contact us