ഈ പരമ്പരയിലെ റൺസല്ല അത് തീരുമാനിക്കുന്നത് അവർ ട്രയലിൽ അല്ല; രോ-കോ കാര്യത്തിൽ വ്യക്തത വരുത്തി അഗാർക്കർ

ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ഏറെ നാളുകൾക്ക് ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ

ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയിൽ വിരാട് കോഹ്ലിയും രോഹിത് ശർമയും ട്രയൽസിന് വിധേയമാകുന്നത് മണ്ടത്തരമാണെന്ന് ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ. ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ഏറെ നാളുകൾക്ക് ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ ജേഴ്‌സിയിൽ ഇരുവരും എത്തുന്നത്.

ഇരവുരും 2027 ഏകദിന ലോകകപ്പിന്റെ ഭാഗമാകുമോ എന്നാണ് ക്രിക്കറ്റ് ലോകത്തെ ചൂടുപിടിപ്പിക്കുന്ന ചർച്ച. ലോകകപ്പിലേക്ക് ഇരുവരും കളിക്കണമെങ്കിൽ ഇനി വരുന്ന പരമ്പരകൾ ഇരുവർക്കും ഏറെ പ്രധാനമാണെന്ന തരത്തിലുള്ള ചർച്ചകൾ ഉടലെടുത്തിരുന്നു. രോഹിതും കോഹ്ലിയും കളിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ അവരെ വിലയിരുത്തുമെന്നും എന്നാൽ അവരെ പരീക്ഷണാടിസ്ഥാനത്തിൽ ഉൾപ്പെടുത്തുന്നതല്ലെന്നും അഗാർക്കർ പറഞ്ഞു.

'എല്ലാ മത്സരങ്ങളിലും അവരെ വിചാരണയ്ക്ക് വിധേയരാക്കുന്നത് മണ്ടത്തരമായിരിക്കും. അവർ കളിക്കാൻ തുടങ്ങിയാൽ, അവരെ വിലയിരുത്തും, പക്ഷേ അവർ ട്രയൽസിലല്ല. ഓസ്‌ട്രേലിയയിൽ റൺസ് നേടിയില്ലെങ്കിൽ അവരെ പുറത്താക്കുമെന്ന് അർത്ഥമാക്കുന്നില്ല, അതുപോലെ, ഓസ്ട്രേലിയയിൽ മൂന്ന് സെഞ്ച്വറികൾ നേടിയാൽ അവരെ 2027 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കുമെന്നും അർത്ഥമില്ല. ഇതൊരു ലോങ് വേയാണ് നമുക്ക് എന്താണ് വരുന്നതെന്ന് നോക്കാം. നമുക്ക് കുറച്ച് ഐഡിയ ഉണ്ട്, ഇനി മുന്നോട്ട് പോകുമ്പോൾ എങ്ങനെയാകുമെന്ന് കണ്ടറിയാം,' അഗാർക്കർ പറഞ്ഞു.

ഒക്ട്‌ബോർ 19നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയമും അതിന് ശേഷം നടക്കും.

Content Highlights- Ajith Agarkar talks About Rohgit And Kohlis WC chances

To advertise here,contact us