സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ട് നാളുകളായി. ചെന്നൈ സൂപ്പർ കിങ്സും ശേഷം കൊൽക്കത്ത നെറ്റ് റൈഡേഴ്സും സഞ്ജുവിന് വേണ്ടി രംഗത്തുണ്ടെന്ന വാർത്തകളും ഇതിനകം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അടുത്ത ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ഡൽഹി ക്യാപിറ്റൽസ് ശ്രമം നടത്തുന്നതായും റിപ്പോർട്ട് വരുന്നുണ്ട്.
ഒരു സീനിയർ താരത്തെ വിട്ടുകൊടുത്ത് പകരം സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ഡൽഹിയുടെ ശ്രമമെന്നാണ് വിവരം. എന്നാൽ ഏതു താരത്തെയാണ് ഡൽഹി വിട്ടുനൽകുക എന്ന കാര്യത്തിൽ വ്യക്തതയില്ല. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണെ വിട്ടുനൽകണമെങ്കിൽ അതേ നിലവാരത്തിലുള്ള മറ്റൊരു താരത്തെ തന്നെ ഡൽഹിക്കു വിട്ടുനൽകേണ്ടി വരും.
നിലവിൽ കെ.എൽ.രാഹുൽ, അഭിഷേക് പോറൽ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരാണ് ഡൽഹിയുടെ വിക്കറ്റ് കീപ്പർമാർ. അക്ഷർ പട്ടേലാണ് ക്യാപ്റ്റൻ. ഇവരിലൊരാൾക്കു പകരമായി സഞ്ജുവിനെ ടീമിലെത്തിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ബോളിങ് കരുത്തു കൂട്ടാൻ ശ്രമിക്കുന്ന രാജസ്ഥാൻ, പേസർ മിച്ചൽ സ്റ്റാർക്, സ്പിന്നർ കുൽദീപ് യാദവ് തുടങ്ങിയവരിലൊരാളെയും ചോദിക്കാൻ സാധ്യതയുണ്ട്.
കെ.എല്.രാഹുലിനായി കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ശ്രമം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ഓപ്പണറുമായിട്ടാണ് രാഹുലിനെ കൊല്ക്കത്ത പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ നയിച്ച അജിൻക്യ രഹാനെ, ഈ സീസണിൽ തുടരാൻ സാധ്യതയില്ല. ഇതിനാലാണ് പുതിയ ക്യാപ്റ്റനെ കൊൽക്കത്ത തേടുന്നത്. ഏതായാലും അടുത്ത സീസണു മുന്നോടിയായി സഞ്ജു, രാജസ്ഥാൻ ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
Content Highlights:Sanju Samson in to delhi capitals in next ipl, report