'നിങ്ങളോട് ഞാന്‍ പറഞ്ഞോ വരാന്‍?'; മുംബൈ എയര്‍പോര്‍ട്ടില്‍ ശല്യം ചെയ്ത പാപ്പരാസികളോട് ബുംറ, വീഡിയോ

പാപ്പരാസികളില്‍ ഒരാള്‍ 'ബുംറ ഭായ്, നിങ്ങളാണ് ഞങ്ങളുടെ ദീപാവലി ബോണസ്' എന്ന് പറയുകയും ചെയ്തു

'നിങ്ങളോട് ഞാന്‍ പറഞ്ഞോ വരാന്‍?'; മുംബൈ എയര്‍പോര്‍ട്ടില്‍ ശല്യം ചെയ്ത പാപ്പരാസികളോട് ബുംറ, വീഡിയോ
dot image

കളിക്കളത്തിലെന്ന പോലെ പൊതുയിടങ്ങളിലും വളരെ ശാന്തനായി പൊതുവെ കാണപ്പെടാറുള്ള താരമാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഇപ്പോഴിതാ താരത്തിന്റെ ശാന്തത കൈവിട്ട് പെരുമാറുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ ശല്യം ചെയ്ത പാപ്പരാസികളെ രൂക്ഷമായി വിമര്‍ശിക്കുന്ന ബുംറയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ബുംറയെ പാപ്പരാസികള്‍ വളഞ്ഞത്. തന്റെ ചിത്രം എടുക്കാന്‍ തുടങ്ങിയതും ബുംറ രൂക്ഷമായ ഭാഷയില്‍ സംസാരിച്ച് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. 'ഞാന്‍ നിങ്ങളോട് വരാന്‍ പറഞ്ഞിട്ടില്ല. നിങ്ങള്‍ മാറ്റാരെയെങ്കിലും കാണാനായിരിക്കും വന്നത്. അവര്‍ വരുന്നുണ്ടാകും', ബുംറ പറഞ്ഞു.

എങ്കിലും പാപ്പരാസികള്‍ ഫോട്ടോ എടുക്കുന്നത് തുടര്‍ന്നു. താരത്തിറെ ദേഷ്യം കുറയ്ക്കാനെന്നോണം പാപ്പരാസികളില്‍ ഒരാള്‍ 'ബുംറ ഭായ്, നിങ്ങളാണ് ഞങ്ങളുടെ ദീപാവലി ബോണസ്' എന്ന് പറയുകയും ചെയ്തു. എന്നിട്ടും 'കൂളാ'കാത്ത ബുംറ 'സഹോദരാ എന്നെ കാറിനടുത്തേക്ക് പോകാനെങ്കിലും അനുവദിക്കുമോ?' എന്ന് ചോദിച്ചശേഷം അതിവേഗം നടന്നുപോവുകയാണ് ചെയ്തത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം മുംബൈയിലേക്ക് തിരിച്ചെത്തിയതാണ് ബുംറ. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഞായറാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ബുംറ ഇടം പിടിച്ചിട്ടില്ല. അതേസമയം ഓസീസ് പര്യടനത്തിലെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ബുംറ കളിക്കുന്നുണ്ട്. ഒക്ടോബര്‍ 29നാണ് ഇന്ത്യ- ഓസീസ് ടി20 പരമ്പര ആരംഭിക്കുന്നത്.

Content Highlights: Jasprit Bumrah Gets Angry on paparazzis At Mumbai Airport Ahead of Australia Tour, Video

dot image
To advertise here,contact us
dot image