വനിതാ ഏകദിന ലോകകപ്പില് തുടരെ രണ്ട് പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ഞെട്ടലിലാണ് ഇന്ത്യ. കരുത്തരായ സൗത്ത് ആഫ്രിക്കയോടും ഓസ്ട്രേലിയയോടുമാണ് തോറ്റത്. രണ്ട് മത്സരങ്ങളിലും 49-ാം ഓവറിലായിരുന്നു ഇന്ത്യൻ പെൺപട പരാജയം വഴങ്ങിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ തോല്വിക്ക് പിന്നാലെ ഓസീസിനെതിരെ മത്സരിച്ച ഇന്ത്യന് വനിതകള്ക്ക് 331 എന്ന മികച്ച ടോട്ടല് സ്വന്തമാക്കാനായിട്ടും ഓസീസിനെതിരെ വിജയം നേടാന് സാധിച്ചില്ല. സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന് അലീസ ഹീലിയുടെ പ്രകടനമാണ് ഓസീസിന് വിജയം സമ്മാനിച്ചത്.
ഇതോടെ വനിതാ ഏകദിന ലോകകപ്പില് ഇന്ത്യയുടെ സാധ്യതകളെ കുറിച്ചുള്ള ആശങ്കയാണ് ആരാധകരിൽ ഉയരുന്നത്. നാല് മത്സരങ്ങളില് നിന്ന് രണ്ട് വീതം ജയവും തോല്വിയുമാണ് ഇന്ത്യയുടെ സമ്പാദ്യം. നിലവില് നാല് പോയിന്റുമായി നാലാമതാണ് ഇന്ത്യ.
ഇന്ത്യയ്ക്ക് ഇപ്പോഴും സെമി സാധ്യതകളുണ്ട്. ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് നിലവില് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ശേഷിക്കുന്ന സെമി ഫൈനല് ബര്ത്തിനായി ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്ഡ് എന്നീ ടീമുകള് തമ്മിലാണ് മത്സരം.
ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങള് ബാക്കിയുണ്ട്. ഇംഗ്ലണ്ട്, ന്യൂസിലന്ഡ്, ബംഗ്ലാദേശ് ടീമുകള്ക്കെതിരെയാണ് മത്സരം.
ടൂര്ണമെന്റിലെ സെമിസാധ്യതകള് നിലനിര്ത്താന് ഇനിയുള്ള 3 മത്സരങ്ങളിലും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. ബംഗ്ലാദേശിനെതിരെയുള്ള മത്സരം ഇന്ത്യ അനായാസം ജയിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട്, തന്നെ ന്യൂസിലന്ഡ്, ഇംഗ്ലണ്ട് ടീമുകള്ക്കെതിരായ മത്സരം നിര്ണായകമാകും.
Content Highlights: women's world cup india chances to qualify