'ജയ്‌സ്വാളിനോട് ഗില്ലിന് അസൂയ!'; സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ചകള്‍, പ്രതികരിച്ച് മുന്‍ താരം

'മുന്‍പ് രോഹിത്തിനെയും കോഹ്‌ലിയെയും കുറിച്ചും നിങ്ങള്‍ ഇങ്ങനെ പറഞ്ഞുപരത്തിയിട്ടുണ്ട്'

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ റണ്ണൗട്ടായി പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ജയ്സ്വാളിന് ഇരട്ട സെഞ്ചറി നഷ്ടമാകാന്‍ കാരണം ശുഭ്മന്‍ ഗില്ലാണെന്നാണ് വ്യാപക വിമര്‍ശനം. ഇരട്ട സെഞ്ച്വറിക്ക് വെറും 25 റണ്‍സ് മാത്രം അകലെ ജയ്സ്വാൾ പുറത്താകാന്‍ കാരണം ഗില്ലിന്‍റെ പിഴവാണെന്നാണ് മുന്‍താരങ്ങളടക്കം പറയുന്നത്.

രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനം രാവിലെയായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായി താരം പുറത്തായത്. ഇന്ത്യന്‍ ഇന്നിങ്സ് 92–ാം ഓവറിലെത്തിയപ്പോള്‍ ജെയ്ഡന്‍ സീല്‍സെറിഞ്ഞ ഫുള്ളര്‍ മിഡ് വിക്കറ്റിലൂടെ ജയ്സ്വാള്‍ അടിച്ചു പറത്തി. പിന്നാലെ റണ്‍ എടുക്കാന്‍ ഓടുകയും ചെയ്തു. ഗില്‍ ആദ്യം ഓടിയെങ്കിലും ചന്ദര്‍പോളിന്‍റെ കയ്യില്‍ പന്തെത്തിയത് കണ്ടതും ഓടരുതെന്ന് വിളിച്ച് പറയുകയും തിരിച്ചോടുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും ജയ്സ്വാൾ‌ പകുതി ദൂരം പിന്നിട്ടിരുന്നു. റണ്ണൗട്ടായതിന് പിന്നാലെ അമ്പരന്ന ജയ്സ്വാൾ കടുത്ത നിരാശയോടെയാണ് ക്രീസ് വിട്ടത്.

No One Can Imagine The Pain Of Yashasvi Jaiswal. Run Out On 175 runs By Mistake. pic.twitter.com/RFNjO12fVV

ജയ്സ്വാളിന്റെ റണ്ണൗട്ടിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമായിരുന്നു. ജയ്സ്വാളിനോട് ശുഭ്മൻ ​ഗില്ലിന് അസൂയയാണെന്നും അതുകൊണ്ട് താരത്തെ മനഃപൂർവം റണ്ണൗട്ടാക്കിയതാണെന്നുമാണ് ആരാധകരുടെ വാദം. ഇപ്പോളിതാ ഈ സംഭവത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സോഷ്ൽ മീഡിയയിൽ ജയ്സ്വാളിന്റെയും ​ഗില്ലിന്റെയും ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലിനെതിരെ ആകാശ് ചോപ്ര ആഞ്ഞടിക്കുകയാണ് ചെയ്തത്. രോഹിത് ശർ‌മയെയും വിരാട് കോഹ്ലിയെയും കുറിച്ചും മുൻപ് ആരാധകർ ഇത്തരം ആരോപണങ്ങൾ ഉയർത്തിയിരുന്നെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

'നിതീഷ് റെഡ്ഡിക്ക് വേണ്ടി ഓടിയ ഗില്‍ പക്ഷേ ജയ്‌സ്വാളിന് വേണ്ടി ഓടിയില്ല. എന്തുകൊണ്ട്? ജയ്‌സ്വാളിനോട് ഗില്ലിന് അസൂയ കാരണം. എന്തൊക്കെയാണ് നിങ്ങള്‍ ഈ പറയുന്നത്? മുന്‍പ് രോഹിത്തിനെയും കോഹ്‌ലിയെയും കുറിച്ചും നിങ്ങള്‍ ഇങ്ങനെ പറഞ്ഞുപരത്തിയിട്ടുണ്ട്. എന്നിട്ട് നോക്കൂ, ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചപ്പോള്‍ അതേ രോഹിത്തും കോഹ്‌ലിയും ഒരുമിച്ച് 'ദാണ്ഡിയ' നൃത്തം കളിക്കുന്നതാണ് നമ്മള്‍ കണ്ടത്. ടി20 ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ അവര്‍ ഇരുവരും കരയുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്യുന്നതും നമ്മള്‍ കണ്ടു', ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

'ഇപ്പോള്‍ ഇതേ കാര്യം ഗില്ലിനെയും ജയ്‌സ്വാളിനെയും കുറിച്ച് പറയാന്‍ തുടങ്ങിയിരിക്കുകയാണ്. അവര്‍ കൂട്ടുകാരാണ്. ഒരേ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. ആ റണ്ണൗട്ട് ആരുടെ തെറ്റാണെങ്കിലും ഡ്രസിങ് റൂമില്‍ അവര്‍ വളരെ സ്‌നേഹത്തോടെ സംസാരിക്കുന്ന വീഡിയോ നോക്കൂ. ആ സംഭവം നടന്നതിന്റെ ഉടനെയാണത് സംഭവിച്ചത്. റണ്ണൗട്ടിനെ കുറിച്ച് ജയ്‌സ്വാളിനോട് ചോദിച്ചപ്പോള്‍ പോലും ഇതെല്ലാം സ്വാഭാവികമായും നടക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്', ആകാശ് ചോപ്ര പറഞ്ഞു.

'സത്യം പറഞ്ഞാന്‍ ഈ ഫാന്‍സ് ആര്‍മികള്‍ ഉണ്ടായാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധത്തിലേതെന്നുപോലെ പരസ്പരം പോരാടാന്‍ ആരംഭിക്കും. ഈ കളിക്കാര്‍ നേര്‍ക്കുനേരെയല്ല മറിച്ച് ഒരുമിച്ചാണ് പോരാടുന്നത്. ഗില്ലും ജയ്‌സ്വാളും അവരുടെ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഫാന്‍സ് തമ്മിലുള്ള ഏറ്റുമുട്ടലുകളും പരസ്പരമുള്ള ട്രോളുകളും അല്ലാതെ നമുക്ക് ഇത്തവണ വ്യത്യസ്തമായ ഒരു കഥ രചിക്കാം. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ ശ്രമിക്കാം', ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

Content Highlights: "Shubman Gill Jealous Of Yashasvi Jaiswal" says Social Media, Aakash Chopra Reacts

To advertise here,contact us