സൂപ്പർ താരം വിരാട് കോഹ്ലി ഐപി എല്ലിൽ നിന്നും വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. 2026 ലെ ഐപിഎൽ സീസണിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമായി വാണിജ്യ കരാർ പുതുക്കാൻ വിരാട് കോഹ്ലി വിസമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് താരം ഐ പി എല്ലിൽ നിന്നും വിരമിക്കാനൊരുങ്ങുന്നതായുള്ള അഭ്യൂഹങ്ങളും ശക്തമായത്.
എന്നാൽ ദേശീയ മാധ്യമങ്ങളടക്കം പങ്കിട്ട റിപ്പോർട്ടുകളിൽ ഇതുവരെ വിരാട് കോഹ്ലിയോ ആർസിബിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നീണ്ട 18 വർഷത്തെ കാത്തിരിപ്പിന് ശേഷം വിരാട് കോഹ്ലി ആർസിബിക്കൊപ്പം കഴിഞ്ഞ വർഷം ഐ പി എൽ കിരീടം സ്വന്തമാക്കിയിരുന്നു.
ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് കോഹ്ലി. 267 മത്സരങ്ങളിൽ നിന്ന് 39 റൺസ് ബാറ്റിങ് ആവറേജിൽ 8661 റൺസ് താരം നേടിയിട്ടുണ്ട്. എട്ട് സെഞ്ച്വറിയും 63 അർധ സെഞ്ച്വറിയും താരം നേടി.
ഇന്ത്യൻ ക്രിക്കറ്റിൽ ഇതിനകം തന്നെ ടെസ്റ്റിൽ നിന്നും ടി 20 ക്രിക്കറ്റിൽ നിന്നും വിരമിച്ച വിരാട് ഇപ്പോൾ ഏകദിന ഫോർമാറ്റിൽ മാത്രമാണുള്ളത്. അടുത്തിടെ നടക്കാനിരിക്കുന്ന ഓസീസിനെതിരെയുള്ള ഏകദിന പര്യടനത്തിൽ വിരാടും ടീമിലുണ്ട്. അതിലെ പ്രകടനത്തിന് അനുസരിച്ചാവും ഭാവി പദ്ധതികൾ.
Content Highlights: Virat Kohli To Retire From IPL