ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഇതിഹാസ ഓപ്പണർ വീരേന്ദർ സെവാഗ് സ്ഥാപിച്ച റെക്കോർഡുകൾ തകർക്കാൻ യുവ ഓപ്പണർ യശസ്വി ജയ്സ്വാളിന് സാധിക്കുമെന്നു വ്യക്തമാക്കി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. എക്സിൽ ഇട്ട കുറിപ്പിലാണ് കൈഫിന്റെ പ്രവചനം.
ടെസ്റ്റിൽ രണ്ട് ട്രിപ്പിൾ സെഞ്ച്വറിയുള്ള ഒരേയൊരു ഇന്ത്യൻ താരവും ടെസ്റ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഇന്ത്യൻ താരവും സെവാഗാണ്. സെവാഗിന്റെ ഈ റെക്കോർഡുകൾ ജയ്സ്വാൾ തിരുത്തുമെന്നാണ് കൈഫ് പറുന്നത്. കരുൺ നായരാണ് ടെസ്റ്റിൽ ട്രിപ്പിൾ ശതകമുള്ള മറ്റൊരു ഇന്ത്യൻ ബാറ്റർ.
വെസ്റ്റ് ഇൻഡീസിനെതിരെ ജയ്സ്വാൾ 175 റൺസ് നേടി റണ്ണൗട്ടായി മടങ്ങിയതിന് ശേഷമാണ് കൈഫിന്റെ പ്രസ്താവന. 'ക്ഷമയോടെ കളിച്ച് കൂറ്റൻ സെഞ്ച്വറികൾ നേടാനും വലിയ നാഴികക്കല്ലുകൾ പിന്നിടാനും കെൽപ്പുള്ള ബാറ്ററാണ് യശസ്വി ജയ്സ്വാൾ. ആദ്യ 26 ടെസ്റ്റുകളിലെ അദ്ദേഹത്തിന്റെ പ്രകടനം സച്ചിന്റേയും വിരാടിന്റേയും കണക്കുകളെ പോലെ മികവാർന്നതാണ്. ഉയർന്ന സ്ട്രൈക്ക് റേറ്റിൽ സ്കോർ ചെയ്യുന്ന അദ്ദേഹത്തിന്റെ സെഞ്ച്വറികൾ ഇന്ത്യയെ വിജയത്തിന്റെ പാതയിലേക്ക് നയിക്കുന്നു.
സെവാഗിന്റെ ട്രിപ്പിൾ സെഞ്ച്വറി റെക്കോർഡുകൾ ജയ്സ്വാൾ തകർക്കും,' കൈഫ് എക്സിൽ കുറിച്ചു.
കരിയറിലെ 26ാം ടെസ്റ്റാണ് ജയ്സ്വാൾ കളിക്കുന്നത്. 2200 റൺസുകൾ താരം ഈ ടെസ്റ്റുകളിൽ അടിച്ചെടുത്തിട്ടുണ്ട്. 7 സെഞ്ച്വറികളും 12 അർധ സെഞ്ച്വറികളും ഉൾപ്പെടുന്ന മികവാർന്ന നേട്ടമാണ് 23കാരൻ ഇപ്പോൾ തന്നെ സ്വന്തമാക്കിയിട്ടുള്ളത്. ടെസ്റ്റിൽ താരം നേടിയ 7 സെഞ്ച്വറികളിൽ അഞ്ചിലും 150നു മുകളിൽ സ്കോർ ചെയ്തിട്ടുമുണ്ട്. ദക്ഷിണാഫ്രിക്കൻ ഇതിഹാസവും മുൻ നായകനുമായ ഗ്രെയം സ്മിത്ത് മാത്രമാണ് മുൻപ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയ താരം.
Content Highlights-Muhammed Kaif says Jiswal will break Sehwags Records