ആർക്കും തരില്ല..! ഏഷ്യാ കപ്പ് 'ലോക്ക്' ചെയ്ത് നഖ്‌വി

ഏഷ്യാ കപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് ട്രോഫി കൈമാറണെമന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടും അത് നൽകാൻ നഖ്വി തയാറിയില്ല

ഈ വർഷത്തെ ഏഷ്യാ കപ്പിൽ വിജയികളായ ഇന്ത്യൻ ടീമിനുള്ള ട്രോഫി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻറെ(എസിസി) ദുബായിലെ ഓഫീസിൽ തന്നെ സൂക്ഷിക്കണമെന്ന് നിർദേഷിച്ച് എസിസി പ്രസിഡന്റ് മൊഹ്‌സിൻ നഖ്വി. ഏഷ്യാ കപ്പ് ഫൈനലിനുശേഷം നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാനാവില്ലെന്ന് ഇന്ത്യൻ ടീം നിലപാട് എടുത്തതിനെ തുടർന്ന് നഖ്വി കിരീടവുമായി ഗ്രൗണ്ട് വിടുകയായിരുന്നു.

ഏഷ്യാ കപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് ട്രോഫി കൈമാറണെമന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടും അത് നൽകാൻ നഖ്വി തയാറിയില്ല. വിവാദത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ വെച്ച് മൊഹ്സിൻ നഖ്വിയെ ബിസിസിഐ ശക്തമായി ചോദ്യം ചെയ്തിരുന്നു. ഫൈനലിന് ശേഷം ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളുമായി കടന്നുകളഞ്ഞ സംഭവത്തിൽ നഖ്വിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഏഷ്യാ കപ്പ് ഫൈനൽ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഏഷ്യാ കപ്പ് 2025 ട്രോഫി കൈമാറണമെന്ന ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടെ ആവർത്തിച്ചുള്ള ആവശ്യം മൊഹ്‌സിൻ നഖ്വി നിരസിച്ചിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ നേരിട്ടെത്തി ട്രോഫി വാങ്ങണമെന്നും നഖ്വി ആവശ്യപ്പെട്ടിരുന്നു.

ഈ വിവാദങ്ങൾക്കെല്ലാം ശേഷമാണ് ട്രോഫി എസിസിയുടെ ദുബായ് ആസ്ഥാനത്ത് തന്നെ സൂക്ഷിക്കാനും താനറിയാതെ ആർക്കും കൈമാറരുതെന്നും നഖ്വി കർശന നിർദേശം നൽകിയിരിക്കുന്നത്. തൻറെ അനുമതിയില്ലാതെയോ സാന്നിധ്യത്തിലോ അല്ലാതെ ട്രോഫി ആർക്കും കൈമാറരുതെന്നാണ് നഖ്‌വിയുടെ നിർദേശം.

ഏഷ്യാ കപ്പിലുടനീളം നിലനിന്നിരുന്ന ഇന്ത്യ-പാകിസ്താൻ വിവാദങ്ങൾ ടൂർണമെന്റിന് ശേഷവും അണയാതെ തന്നെ നിന്നു. ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ കിരീടം വാങ്ങാതെ പോയതും പിന്നീട് നഖ്‌വി കിരീടവുമായി പോയതുമെല്ലാം ഏറെ ചർച്ചയായിരുന്നു.

Content Highlights- Naqvi locked Asiacup in Dubai

To advertise here,contact us