വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി 150 റൺസും കടന്ന് മുന്നേറുകയാണ് ഇന്ത്യൻ താരം യശസ്വി ജയ്സ്വാൾ. താരത്തിന്റെ ഇന്നിങ്സിന്റെ ബലത്തിൽ ഒന്നാം ദിനം ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് എത്തി. സായ് സുദർശൻ 87 നേടി പുറത്തായി. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യ വമ്പൻ സ്കോറിലേക്ക്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് ഇന്ത്യ നേടിയിട്ടുണ്ട്. 173 റൺസുമായി യശസ്വി ജയ്സ്വാളും 20 റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ് ക്രീസിലുള്ളത്. സായ് സുദർശൻ, കെഎൽ രാഹുൽ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ജയ്സ്വാളിന്റെ ഇന്നിങ്സിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം. രണ്ടാം ദിനം കരിയറിലെ ആദ്യ ടെസ്റ്റ് 300 അടിക്കാൻ ജയ്സ്വാൾ നാളെ ശ്രദ്ധിക്കണമെന്ന് മുൻ ഇന്ത്യൻ നായകനായ അനിൽ കുംബ്ലെ പറഞ്ഞു.
'ഓരോ ദിവസം കഴിയുന്തോറും അവൻ കൂടുതൽ കൂടുതൽ മെച്ചപ്പെടുകയാണ്. അവൻറെ റൺസടിക്കാനുള്ള ദാഹത്തെ കുറിച്ചും ഇന്നിങ്സ് കെട്ടിപ്പടുക്കുന്ന രീതിയെക്കുറിച്ചും നമ്മൾ ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ നല്ല തുടക്കം ലഭിച്ചെങ്കിലും അവന് അത് വലിയ സ്കോറക്കാൻ സാധിച്ചില്ല. എന്നാൽ രണ്ടാം ടെസ്റ്റിൽ അവൻ വലിയ സ്കോർ നേടാനുറച്ച് തന്നെയാണ് ക്രീസിലെത്തിയത്.
ഇത്രയും ചെറിയ കരിയറിൽ ഒരിക്കൽ പോലും അവൻ അവസരങ്ങൾ നഷ്ടമാക്കിയിട്ടില്ല. ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ പിന്നീട് ജയ്സ്വാളിനെ പുറത്താക്കുക ബുദ്ധിമുട്ടാണ്. ഈ ടെസ്റ്റിൽ ഇപ്പോൾ തന്നെ അവൻ 173 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. രണ്ടാം ദിനം ക്രീസിലിറങ്ങുമ്പോൾ ഡബിൾ സെഞ്ച്വറിയായിരിക്കും അവൻറെ ആദ്യ ലക്ഷ്യമെങ്കിലും കരിയറിലാദ്യമായി ട്രിപ്പിൾ സെഞ്ച്വറി അടിക്കാനുള്ള സുവർണാവസരവും അവൻറെ മുന്നിലുണ്ട്. അത് അവൻ നഷ്ടമാക്കില്ലെന്നാണ് കരുതുന്നത്,' അനിൽ കുംബ്ലെ ജിയോ ഹോട്സ്റ്റാറിൽ പറഞ്ഞു.
253 പന്തുകൾ നേരിട്ട ജയ്സ്വാൾ 22 ഫോറുകളടിച്ചാണ് 173 റൺസ് നേടിയത്. ഓപ്പണിങ്ങിൽ രാഹുലുമൊത്തും, പിന്നീട് സായ്ക്കൊപ്പവും മികച്ച കൂട്ടുക്കെട്ടാണ് ജയ്സ്വാൾ സൃഷ്ടിച്ചത്. രാഹുൽ 38 റൺസ് നേടിയപ്പോൾ സുദർശൻ 87 റൺസ് നേടി പുറത്തായി. ശുഭ്മാൻ ഗില്ലാണ് ജയ്സ്വാളിനൊപ്പം ക്രീസിലുള്ളത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് രാഹുലും ജയ്സ്വാളും ഇന്ത്യക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 58 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം വിക്കറ്റിൽ സുദർശനും ജയ്്സ്വാലും സ്കോറിങ്ങിന്റെ വേഗത കൂട്ടി. രണ്ടാം വിക്കറ്റിൽ 193 റൺസാണ് ഇരുവരും ചേർത്തത്.
ഗില്ലും ജയ്സ്വാളും മൂന്നാം വിക്കറ്റിൽ ഇതുവരെ 67 റൺസിന്റെ കൂട്ടുക്കെട്ട് സൃഷ്ടിച്ചിട്ടുണ്ട്.
Content Highlights- Anil Kumble Advices Yashasvi Jaiswal