
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന് അധോലോക സംഘത്തിന്റെ ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ട്. അഞ്ച് കോടി ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇതിനുപിന്നിൽ ഡി-കമ്പനി എന്നറിയപ്പെടുന്ന ദാവൂദ് ഇബ്രാഹിമിന്റെ കുപ്രസിദ്ധ അധോലോക സംഘമാണെന്ന് സംശയിക്കുന്നതായി മുംബൈ ക്രൈം ബ്രാഞ്ച് അറിയിച്ചു. 2025 ഫെബ്രുവരി മുതൽ ഏപ്രിൽ വരെ റിങ്കു സിങ്ങിന്റെ പ്രമോഷണൽ ടീമിന് മൂന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്.
കേസുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ് ഇൻഡീസിൽനിന്ന് പിടികൂടിയ മുഹമ്മദ് ദിൽഷാദ്, മുഹമ്മദ് നവീദ് എന്നിവരെ ഓഗസ്റ്റിന് ഒന്നിനാണ് ഇന്ത്യൻ അധികാരികൾക്ക് കൈമാറിയത്. കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ എം.എൽ.എ ബാബാ സിദ്ദീഖിന്റെ മകൻ സീഷൻ സിദ്ദീഖിയോട് 10 കോടി ആവശ്യപ്പെട്ടതിന് ഇരുവരും നേരത്തെ അറസ്റ്റിലായിരുന്നു. കസ്റ്റഡിയിലുള്ളവരിൽ ഒരാൾ റിങ്കു സിങ്ങിനെ ഫോണിൽ വിളിച്ചതായി മൊഴി നൽകിയതായും ടിവി 9 റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ജൂണിൽ സമാജ് വാദി പാർട്ടി എംപി പ്രിയ സരോജുമായി റിങ്കുവിന്റെ കല്യാണം നിശ്ചയിച്ചിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിലാകും ഇരുവരുടെയും വിവാഹം.
Content Highlights: Rinku Singh receives 5 crore ransom threats from Dawood-Linked Gang, Report