ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമില് മലയാളി വിക്കറ്റ് കീപ്പര് ബാറ്റര് സഞ്ജു സാംസണെ ഉള്പ്പെടുത്താതിരുന്ന തീരുമാനത്തെ വിമര്ശിച്ച് മുന് താരം മുഹമ്മദ് കൈഫ്. മികച്ച ഫോമിലുള്ള സഞ്ജു സാംസണ് പകരം ധ്രുവ് ജുറേലിനെ ഏകദിന ടീമില് വിക്കറ്റ് കീപ്പര് ബാറ്ററായി സ്ഥാനം നല്കിയതില് വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മുഹമ്മദ് കൈഫും രംഗത്തെത്തിയത്. സഞ്ജുവിനെ ടീമില് ഉള്പ്പെടുത്താത്തത് തെറ്റായ തീരുമാനമാണെന്ന് പറഞ്ഞ കൈഫ് അതിന്റെ കാരണവും വ്യക്തമാക്കി.
'വെസ്റ്റ് ഇന്ഡീസിനെതിരെ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ധ്രുവ് ജുറേല്. വളരെ അച്ചടക്കത്തോടെ ബാറ്റുവീശിയ ജുറേല് മികച്ച താരം തന്നെയാണ്. തീര്ച്ചയായും ഇന്ത്യന് ക്രിക്കറ്റിന്റെ ഭാവി തന്നെയാണ്. എല്ലാ മത്സരങ്ങളിലും സ്കോര് ചെയ്യാന് അദ്ദേഹത്തിന് സാധിക്കുകയും ചെയ്യും. എന്നാല് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ടീമില് സഞ്ജു സാംസണെ ഒഴിവാക്കിയത് തെറ്റായ തീരുമാനമാണ്. കാരണം അഞ്ചോ ആറോ പൊസിഷനില് ലോവര് ഓര്ഡറിലാണ് സഞ്ജു പൊതുവെ കളിക്കാറുള്ളത്. ആ പൊസിഷനില് ജുറേലിനേക്കാള് മികച്ച ഓപ്ഷന് സഞ്ജുവാണെന്നതില് തര്ക്കമില്ല', കൈഫ് പറഞ്ഞു.
'ഓസീസ് സ്പിന്നര്മാര്ക്കെതിരെ സിക്സറടിക്കാന് കഴിവുള്ള താരങ്ങളെയാണ് ടീമിന് വേണ്ടത്. ഏഷ്യാ കപ്പില് സഞ്ജു സാംസണിന്റെ കരുത്ത് നമ്മള് കണ്ടതാണ്. ഓസ്ട്രേലിയയില് ആദം സാംപ പോലുള്ള ബോളര്മാരെ സിക്സര് പറത്താന് സഞ്ജുവിന് സാധിക്കും. ഐപിഎല്ലില് ഏറ്റവും കൂടുതല് സിക്സര് അടിച്ചിട്ടുള്ള ആദ്യത്തെ പത്ത് താരങ്ങളില് സഞ്ജുവിന്റെ പേരുമുണ്ടാകും. ഓസ്ട്രേലിയന് സാഹചര്യങ്ങളില് അഞ്ചും ആറും നമ്പറുകളില് മികച്ച പ്രകടനം കാഴ്ചവെക്കാന് സഞ്ജുവിന് സാധിക്കും', കൈഫ് കൂട്ടിച്ചേര്ത്തു.
Content Highlights: Mohammed Kaif gives his take on Sanju Samson's exclusion from ODI squad for Australia tour