ഇന്ത്യ-ഓസ്ട്രേലിയ യൂത്ത് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനെ 135ന് എറിഞ്ഞിട്ട ഇന്ത്യക്ക് എന്നാൽ അതേ നാണയത്തിൽ മറുപടി നൽകുകയാണ് കങ്കാരുപ്പട. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസാണ് ഇന്ത്യ നേടിയിട്ടുള്ളത്. 25 റൺസ് നേടിയ വേദാന്ത് ത്രിവേദിയാണ് ഇന്ത്യയുടെ ഇതുവരെയുള്ള ടോപ് സ്കോറർ.
ക്യാപ്റ്റൻ ആയുഷ് മാത്രെ (4), വിഹാൻ മൽഹോത്ര (11), വൈഭവ് സൂര്യവംശി (20), രാഹുൽ കുമാർ (9) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി. 15 റൺസുമായി ഖിലാൻ പട്ടേലും, 11 റൺസുമായി ഹെനിൽ പട്ടേലുമാണ് ക്രീസിൽ.
നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഓസ്ട്രേലിയയെ 135 റൺസിന് ഓളൗട്ടാക്കിയാണ് ഇന്ത്യൻ യുവനിര മേൽക്കൈ നേടിയത്. 66 റൺസ് നേടിയ വിക്കറ്റ് കീപ്പർ അലക്സ് ലീ യംഗ് മാത്രമാണ് ഓസീസിനായി പൊരുതിയത്. യാഷ് ദേശ്മുഖ് 22 റൺസെടുത്തപ്പോൾ 10 റൺസെടുത്ത ക്യാപ്റ്റൻ വിൽ മലാസുക്ക് ആണ് ഓസീസ് നിരയിൽ രണ്ടക്കം കടന്ന മൂന്നാമത്തെ താരം. ഇന്ത്യക്കായി ഹെനിൽ പട്ടേലും ഖിലൻ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഉദ്ധവ് മോഹൻ രണ്ട് വിക്കറ്റെടുത്തു.
രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ അണ്ടർ 19 ഇന്നിംഗ്സിനും 58 റൺസിനും ജയിച്ചിരുന്നു.നേരത്തെ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരിയ ഇന്ത്യൻ യുവനിരക്ക് ഈ ടെസ്റ്റ് കൂടി ജയിച്ചാൽ ടെസ്റ്റ് പരമ്പരയും തൂത്തുവാരാം.
Content Highlights- India U19 batting Collapse Against Australia U19 after great Bowling