അന്ന് ബുംറ കളിച്ചിരുന്നുവെങ്കിൽ പിന്നെ ഒരിക്കലും എറിയില്ലായിരുന്നു; തുറന്നുപറഞ്ഞ് മുഹമ്മദ് സിറാജ്

സിറാജിന് അഞ്ച് മത്സരത്തിൽ കളിക്കാമെങ്കിൽ ബുംറക്കും കളിക്കാമെന്നായിരുന്നു താരത്തെ ട്രോളിയവർ പറഞ്ഞത്

ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തുമുനകളാണ് ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ കളിക്കുകയാണ് ഇരുവരും ഇപ്പോൾ. ഇന്ത്യയുടെ പ്രീമിയം പേസറായ ബുംറക്ക് ആവശ്യമായ വിശ്രമം ഇന്ത്യൻ നിര നൽകാറുണ്ട്. എന്നാൽ അതിനെതിരെ ധാരാളം വിമർശനങ്ങളും ഉയരാറുണ്ട്. എന്നാൽ ഈ വിമർശനങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിറാജ്.

ഇംഗ്ലണ്ട് പരമ്പരയിൽ മൂന്ന് മത്സരത്തിലായിരുന്നു ബുംറ കളിച്ചത്. എന്നാൽ സിറാജ് അഞ്ച് മത്സരത്തിലും കളിച്ചിരുന്നു. ഇതിന് പിന്നാലെ ബുംറക്ക് ട്രോളും ലഭിച്ചിരുന്നു. സിറാജിന് അഞ്ച് മത്സരത്തിൽ കളിക്കാമെങ്കിൽ ബുംറക്കും കളിക്കാമെന്നായിരുന്നു താരത്തെ ട്രോളിയവർ പറഞ്ഞത്. എന്നാൽ ബുംറ ആ മത്സരങ്ങളിൽ കൂടി കളത്തിലിറങ്ങിയിരുന്നെങ്കിൽ പിന്നീട് അദ്ദേഹത്തിന് പന്ത് എടുക്കാൻ സാധിക്കില്ലായിരുന്നു എന്ന് പറയുകയാണ് സിറാജ്. അതിന്റെ സീരിയസ്‌നസിനെ കുറിച്ച് ആരാധകർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

'പുറത്തുള്ളവരുടെ അഭിപ്രായത്തെക്കുറിച്ച് ബുംറയ്ക്ക് ആശങ്കയില്ല. അദ്ദേഹത്തിന് ഗുരുതരമായ പുറം പരിക്കും വലിയൊരു ശസ്ത്രക്രിയയും ഉണ്ടായിരുന്നു. ആ മത്സരത്തിൽ അദ്ദേഹം പന്തെറിഞ്ഞിരുന്നെങ്കിൽ, വീണ്ടും പന്തെറിയുമായിരുന്നോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല. അത് അത്ര ഗുരുതരമാണ്. ആ പരിക്ക് വളരെ സെൻസിറ്റീവ് ആണ്. അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷൻ വളരെ ബുദ്ധിമുട്ടാണ്.

ബുംറ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട ഒരു ബൗളറാണ്, അദ്ദേഹത്തിന്റെ ലഭ്യത വളരെ പ്രധാനമാണ്. ഏഷ്യാ കപ്പ് മുതൽ അടുത്ത വർഷത്തെ ലോകകപ്പ് വരെ അങ്ങനെ തന്നെയാണ്. ഇന്ത്യൻ ആരാധകർ അദ്ദേഹം ടീമിന്റെ നട്ടെല്ലാണെന്ന് മനസ്സിലാക്കണം സാധ്യമാകുമ്പോഴെല്ലാം അദ്ദേഹം തീർച്ചയായും കളിക്കുമെന്ന് ഉറപ്പാക്കുകയും വേണം. ജാസി ഭായ് മികച്ച തീരുമാനമാണ് എടുത്തത്,' ദി ഇന്ത്യൻ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിൽ സിറാജ് പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ മത്സരത്തിൽ മികച്ച ജയം സ്വന്തമാക്കിയിരുന്നു. രണ്ടാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം.

Content Highlights- Siraj Says Bumrah needed needed rest

To advertise here,contact us