ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങളില് ഒരുപാട് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇരു ടീമിലെയും കളിക്കാർ തമ്മിൽ ഹസ്തദാനം ചെയ്യാത്തത് മുതൽ അവസാനം ട്രോഫി വാങ്ങാത്തത് വരെ ഏഷ്യാ കപ്പിൽ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഏഷ്യാ കപ്പിൽ ഫൈനലിലടക്കം മൂന്ന് തവണയാണ് ഇന്ത്യ പാകിസ്താൻ പോരാട്ടം നടന്നത്. ഇരുവരും തമ്മിൽ ബൈലാറ്ററൽ പരമ്പര ഒന്നും അരങ്ങേറാത്ത സാഹചര്യത്തിൽ മൾട്ടി നാഷണൽ ടൂർണമെന്റുകളിൽ ഇരു ടീമുകളുടെയും മത്സരങ്ങൾ സ്ഥിരമായി സംഘടിപ്പിക്കാറുണ്ട്.
എന്നാൽ എല്ലാ ടൂർണമെന്റുകളിലും ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഐസിസി ഇവന്റുകളിൽ ഇനി മത്സരക്രമങ്ങൾ ക്രമീകരിക്കരുതെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ ആതർട്ടൺ പറയുന്നു.
ഏഷ്യാ കപ്പ് മത്സരങ്ങൾക്കിടയിൽ ചില പാകിസ്താൻ താരങ്ങൾ വിവാദപരമായ ആംഗ്യങ്ങൾ കാണിച്ചതും, പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോർഡ് മേധാവിയുമായ മൊഹ്സിൻ നഖ്വിയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യ വിസമ്മതിച്ചതും അദ്ദേഹം ട്രോഫിയുമായി മുങ്ങിയതും, ഞായറാഴ്ച കൊളംബോയിൽ നടന്ന വനിതാ ഏകദിന ലോകകപ്പ് മത്സരത്തിൽ, ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ വീണ്ടും കൈ കൊടുക്കാൻ വിസമ്മതിച്ചതുമെല്ലാം ഇതിൽ ഉൾപ്പെടുന്നതാണ്.
ദി ടൈംസ് ദിനപത്രത്തിനായുള്ള തന്റെ കോളത്തിൽ, അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയും പാകിസ്ഥാനും പരസ്പരം കളിക്കുന്നത് ഐസിസി ഉറപ്പാക്കുന്നതിന് സാമ്പത്തികവും നയതന്ത്രപരവുമായ കാരണങ്ങളുണ്ടെന്ന് ആതർട്ടൺ സമ്മതിച്ചു (2013 മുതൽ നടന്ന 11 ഐസിസി ടൂർണമെന്റുകളിലും ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ പരസ്പരം കളിച്ചിട്ടുണ്ട്). ക്രിക്കറ്റ് ഒരു കാലത്ത് നയതന്ത്രത്തിനുള്ള ഒരു ഉപാധിയായിരുന്നുവെങ്കിൽ ഇപ്പോൾ അത് സംഘർഷങ്ങൾക്കും ഇടമായി മാറുന്നുണ്ടെന്നും അതിനാൽ ഇന്ത്യ-പാക് മത്സരങ്ങൾ ഉറപ്പാക്കുന്ന ഐസിസിയുടെ ക്രമീകരണം നിർത്തണമെന്നാണ് അതേർട്ടൺ എഴുതിയത്.
'ഐസിസി ടൂർണമെന്റുകളുടെ സംപ്രേക്ഷണ അവകാശങ്ങൾ ഇത്രയധികം വിലമതിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഇന്ത്യ പാകിസ്താൻ മത്സരങ്ങൾ. ബൈലാറ്ററൽ പരമ്പരകളും മൂല്യം കുറയുന്ന സാഹചര്യത്തിൽ ഐസിസി മത്സരങ്ങളുടെ എണ്ണവും മൂല്യവും വളർന്നു. അതിനാൽ തന്നെ ബാലൻസ് ഷീറ്റ് ടാലിയാകാൻ ഇന്ത്യ-പാക് മത്സരം പ്രധാനമാണ്.
ഒരുകാലത്ത് ക്രിക്കറ്റ് നയതന്ത്രത്തിനുള്ള ഒരു ഉപാധിയായിരുന്നുവെങ്കിൽ, ഇപ്പോൾ അത് കൂടുതൽ സംഘർഷങ്ങൾക്കും രാഷ്ട്രീയ പ്രചാരണത്തിനുമുള്ള ഒരു ഉപാധിയായി മാറിയിരിക്കുന്നു. സാമ്പത്തിക ആവശ്യങ്ങൾക്ക് വേണ്ടി മത്സരങ്ങൾ ക്രമീകരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ അത് ഇപ്പോൾ മറ്റ് കാര്യങ്ങൾക്ക് വേണ്ടിയാകുമ്പോൾ അതിൽ ന്യായമൊന്നുമില്ല,' അതേർട്ടൺ കുറിച്ചു.
Content Highlights- Michael Atherton Says India vs pakistan shouldnt be Scheduled Inn ICC events