ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ സംഭവമായിരുന്നു ഹർഭജൻ സിങ്- എസ് ശ്രീശാന്ത് പോര്. ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിച്ചുവെന്ന വാദമുണ്ടായിരുന്നുവെങ്കിലും തെളിയിക്കാനായിരുന്നില്ല. എന്നാൽ മുൻ താരം മൈക്കൽ ക്ലാർക്കിനു നൽകിയ അഭിമുഖത്തിൽ ലളിത് മോദി വർഷങ്ങളായി സൂക്ഷിച്ചുവച്ചിരുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഹർഭജൻ സിങ്ങും ശ്രീശാന്തും തമ്മിലുള്ള പ്രശ്നത്തിന്റെ ദൃശ്യങ്ങൾ 'ഇതുവരെ ആരും കാണാത്തത്' എന്ന് അവകാശപ്പെട്ടാണ് ലളിത് മോദി പരസ്യമാക്കിയത്. ഇതിനെതിരെ ഹർഭജൻ സിങ്ങും ശ്രീശാന്തിന്റെ ഭാര്യയുമെല്ലാം തന്നെ രംഗത്തെത്തിയിരുന്നു.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഹർഭജൻ ഇതിനെതിരെ വീണ്ടും പ്രതികരിച്ചിരുന്നു. ലളിത് മോദി ഇത് എന്തിനാണ് പുറത്തുവിട്ടതെന്ന് മനസിലാകുന്നില്ലെന്നും ചിലപ്പോൾ അദ്ദേഹം മദ്യത്തിന്റെ പുറത്ത് ചെയ്തതായിരിക്കുമെന്നും ഭാജി പറഞ്ഞു.
'സത്യം പറഞ്ഞാൽ, അത് പരസ്യമാക്കേണ്ടതിന്റെ ആവശ്യകത എനിക്ക് മനസ്സിലായില്ല. അതിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് എനിക്ക് ശരിക്കും മനസ്സിലാകുന്നില്ല. അത് പുറത്തുവരാതിരിക്കുന്നതായിരുന്ന നല്ലത്. നന്നായിരുന്നു എന്ന് എനിക്ക് തോന്നുന്നു, കാരണം അതിന്റെ ആവശ്യമില്ലായിരുന്നു. വീഡിയോ പുറത്തുവിട്ടപ്പോൾ അദ്ദേഹം എന്താണ് ചിന്തിച്ചിരുന്നതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ അദ്ദേഹം മദ്യപിച്ചിരിക്കുകയായിരിക്കണം. അല്ലെങ്കിൽ വെറുതെ ഒരു കുഴപ്പമുണ്ടാക്കാൻ വേണ്ടി ചെയ്തതാവണം. ഞാൻ അവരുടെ സ്ഥാനത്തായിരുന്നെങ്കിൽ, അത്തരമൊരു വീഡിയോ പുറത്തുവരാൻ ഞാൻ അനുവദിക്കില്ലായിരുന്നു,' ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ഹർഭജൻ പറഞ്ഞു.
അന്ന് നടന്നതിൽ വിഷമമുണ്ടെന്നും ശ്രീശാന്തിനോട് മാപ്പ് പറഞ്ഞിരുന്നുവെന്നും ഹർഭജൻ നേരത്തെ പറഞ്ഞിരുന്നു. ഓഗസ്റ്റ് അവസാനമാണ് ഈ വീഡിയോ വൈറലായത്.
Content Highlights- Harbhajan Singh against lalit Modi for Publishing Video of Him Slapping Sreesanth