
ഇന്ത്യയുടെ ഏകദിന ടീം നായകസ്ഥാനത്ത് നിന്നും രോഹിത് ശര്മയെ നീക്കി ശുഭ്മൻ ഗില്ലിനെ നിയമിച്ച ബിസിസിഐ തീരുമാനത്തെ വിമര്ശിച്ച് മുന് ഇന്ത്യന് താരം മുൻ താരം മുഹമ്മദ് കൈഫ്. 2027 ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് യുവതാരങ്ങൾക്ക് അവസരം നൽകുകയാണ് ബിസിസിഐ ചെയ്തതെങ്കിലും രോഹിത് ശർമയുടെ സംഭാവനകളെ അവഗണിച്ചെന്നും കൈഫ് ചൂണ്ടിക്കാട്ടി. ശുഭ്മൻ ഗിൽ മികച്ചൊരു ക്യാപ്റ്റൻ ആയേക്കുമെങ്കിലും രോഹിത്തിനെ നിലനിർത്തണമായിരുന്നുവെന്നും കൈഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ തുറന്നടിച്ചു.
'രോഹിത് ശർമ ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ 16 വർഷം നൽകി. പക്ഷേ തിരിച്ച് അദ്ദേഹത്തിന് ഒരു വർഷം പോലും നൽകാൻ നമുക്ക് കഴിഞ്ഞില്ല. ക്യാപ്റ്റനെന്ന നിലയിൽ 16 ഐസിസി ടൂർണമെന്റുകളിൽ 15 എണ്ണത്തിൽ അദ്ദേഹം വിജയിച്ചു. ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്. അത് 2023ലെ ലോകകപ്പ് ഫൈനലായിരുന്നു. 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ വിജയിക്കുകയും ചെയ്തു. അന്ന് രോഹിത്തായിരുന്നു മത്സരത്തിലെ താരം', കൈഫ് ചൂണ്ടിക്കാട്ടി.
'2024 ലെ ടി20 ലോകകപ്പും ഇന്ത്യ നേടി. 2024ല് ടി20 ലോകകപ്പിലും കീരിടം നേടി. കിരീടം നേടിയശേഷം ടി20 ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് തന്റെ മഹത്വം ഒന്നു കൂടി കൂട്ടി. പുതിയ താരങ്ങൾക്ക് ടീമിൽ അവസരം നൽകി. എന്നിട്ടും നമ്മൾ അയാൾക്ക് ഒരുവർഷം കൂടി കൊടുത്തില്ല. 2027ൽ ലോകകപ്പാണ് വരുന്നത്. രോഹിത്തിന് ക്യാപ്റ്റൻസി കൊടുക്കാതെ മാറ്റിനിർത്തി', കൈഫ് പറഞ്ഞു.
"എട്ട് മാസത്തിനുള്ളിൽ നമുക്ക് രണ്ട് ഐസിസി ട്രോഫികൾ നേടിത്തന്ന ക്യാപ്റ്റന് പകരം ശുഭ്മൻ ഗിൽ വരും. ഗിൽ ചെറുപ്പവും പുതിയ താരവുമാണ്. അദ്ദേഹത്തിന് നല്ലൊരു ക്യാപ്റ്റനാകാൻ കഴിയും. പക്ഷേ എന്തിനാണ് എല്ലാത്തിനും തിടുക്കം കൂട്ടുന്നത്? അദ്ദേഹത്തിന്റെ സമയം തീർച്ചയായും വരും. പക്ഷേ ഇപ്പോൾ രോഹിതിന്റെ സമയമായിരുന്നു," കൈഫ് കൂട്ടിച്ചേർത്തു.
Content Highlights: Mohammed Kaif slams ODI captaincy change 'We couldn't give Rohit Sharma one year?'