ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് ഫീൽഡിലെ വിവാദങ്ങൾ വനിതാ ക്രിക്കറ്റിലും. വനിതാ ലോകകപ്പ് മത്സരത്തിന് മുമ്പ് ഇരു ടീമിലെയും ക്യാപ്റ്റൻമാർ പരസ്പരം ഹസ്തദാനം ചെയ്തില്ല. ടോസ് വേളയിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സനയും പരസ്പരം ഹസ്തദാനം ചെയ്തില്ല.
കൊളംബയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പാകിസ്താൻ നായിക ടോസ് വിജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്തു. ദിവസങ്ങൾക്ക് മുമ്പ് അവസാനിച്ച ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഇന്ത്യ-പാകിസ്താൻ പുരുഷടീമുകളുടെ ഫൈനലിന് ശേഷമുണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുന്നേയാണ് വനിതകളുടെ പോരാട്ടത്തിലും ഇത് അരങ്ങേറുന്നത്.
പാകിസ്താൻ പുരുഷ ടീമിന്റെ ക്യാപ്റ്റന് ഹസ്തദാനം നൽകാനും ഫൈനലിൽ പാക് ക്രിക്കറ്റ് ബോർഡിന്റെ മേധാവിയും കൂടിയായ എസിസി ചെയർമാൻ നിന്ന് ട്രോഫി ഏറ്റുവാങ്ങാനും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് തയ്യാറാകാത്തത് വലിയ വിവാദമായിരുന്നു.
ഈ സാഹചര്യത്തിൽ വനിതാ ലോകകപ്പിലും ഇന്ത്യയുടെയും പാകിസ്താന്റെയും ക്യാപ്റ്റന്മാർ കൈകൊടുക്കുമോ എന്നറിയാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. പാക് വനിതാ ടീമുമായും ഷേക് ഹാൻഡ് നൽകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ദേവ്ജിത്ത് സൈക്കിയ അറിയിച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പുള്ള സാഹചര്യങ്ങളിലും ഇരുടീമുകളുടെയും ബന്ധങ്ങളിലും ഒരു മാറ്റവും ഇതുവരെ വന്നിട്ടില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത്ത് സൈക്കിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇരു ടീമുകളുടേയും ടൂർണമെന്റിലെ രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചപ്പോൾ പാകിസ്താൻ ബം?ഗ്ലാദേശിനോട് പരാജയപ്പെടുകയായിരുന്നു.
Content Highlights- Harmanpreet kaur and Pakistan Captain didnt Shook Hands During WC match toss