ഇത്തവണ ഇന്ത്യയും പാകിസ്താനും കൈകൊടുക്കുമോ? വനിതാ ലോകകപ്പില്‍ നാളെ സൂപ്പർ പോരാട്ടം

ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഇന്ത്യ-പാകിസ്താൻ പുരുഷടീമുകളുടെ ഫൈനലിന് ശേഷമുണ്ടായ ‌വിവാദങ്ങൾ കെട്ടട‌ങ്ങും മുന്നേയാണ് വനിതകളുടെ പോരാട്ടത്തിനും അരങ്ങൊരുങ്ങുന്നത്

ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും നാളെ ഏറ്റുമുട്ടും. കൊളംബോയിൽ വൈകിട്ട് മൂന്ന് മണിക്കാണ് ക്ലാസിക് പോരാട്ടം. ടൂർണമെന്റിന്റെ ഔദ്യോഗിക ആതിഥേയർ ഇന്ത്യയാണെങ്കിലും പാകിസ്താന്റെ മത്സരങ്ങൾക്ക് ശ്രീലങ്കയാണ് വേദിയാവുന്നത്.

ദിവസങ്ങൾക്ക് മുമ്പ് അവസാനിച്ച ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഇന്ത്യ-പാകിസ്താൻ പുരുഷടീമുകളുടെ ഫൈനലിന് ശേഷമുണ്ടായ ‌വിവാദങ്ങൾ കെട്ടട‌ങ്ങും മുന്നേയാണ് വനിതകളുടെ പോരാട്ടത്തിനും അരങ്ങൊരുങ്ങുന്നത്. പാകിസ്താൻ പുരുഷ ടീമിന്റെ ക്യാപ്റ്റന് ഹസ്തദാനം നൽകാനും ഫൈനലിൽ പാക് ക്രിക്കറ്റ് ബോർഡിന്റെ മേധാവിയും കൂടിയായ എസിസി ചെയർമാൻ നിന്ന് ട്രോഫി ഏറ്റുവാങ്ങാനും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് തയ്യാറാകാത്തത് വലിയ വിവാദമായിരുന്നു.

ഈ സാഹചര്യത്തിൽ വനിതാ ലോകകപ്പിലും ഇന്ത്യയുടെയും പാകിസ്താന്റെയും ക്യാപ്റ്റന്മാർ കൈകൊടുക്കുമോ എന്നറിയാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. പാക് വനിതാ ടീമുമായും ഷേക് ഹാൻഡ് നൽകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ദേവ്‌ജിത്ത് സൈക്കിയ അറിയിച്ചിട്ടുണ്ട്.

ഒരാഴ്ച മുമ്പുള്ള സാഹചര്യങ്ങളിലും ഇരുടീമുകളുടെയും ബന്ധങ്ങളിലും ഒരു മാറ്റവും ഇതുവരെ വന്നിട്ടില്ലെന്നും സൈക്കിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇരു ടീമുകളുടേയും ടൂർണമെന്റിലെ രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചപ്പോൾ പാകിസ്താൻ ബം​ഗ്ലാദേശിനോട് പരാജയപ്പെടുകയായിരുന്നു.

Content Highlights: Women's World Cup 2025: India Vs Pakistan match Tomorrow

To advertise here,contact us