ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പി സി ബി ചെയർമാനുമായ മൊഹ്സിൻ നഖ്വിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മദൻ ലാൽ. മൊഹ്സിൻ നഖ്വിയ്ക്ക് ക്രിക്കറ്റിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പോലുമില്ലെന്ന് മദൻ ലാൽ ആരോപിച്ചു. ഏഷ്യാകപ്പിലെ വിജയികൾക്കുള്ള ട്രോഫി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തന്റെ കയ്യിൽനിന്നു തന്നെ വാങ്ങണമെന്ന കടുംപിടിത്തം നഖ്വി തുടരുന്നതിനിടെയാണ് മദൻ ലാലിന്റെ വിമർശനം.
സ്പോർട്സിന്റെ കാര്യത്തിൽ ഇങ്ങനെ ഒരു കടുപിടിത്തം പാടില്ല. അവിടെ ജയിച്ചവർക്കുള്ളതാണ് ട്രോഫി. അത് തങ്ങളിൽ നിന്ന് സ്വീകരിക്കുന്നില്ലെങ്കിൽ മറ്റാരെങ്കിലും വഴി കൊടുക്കണമായിരുന്നു. അല്ലാതെ അത് സ്വന്തം റൂമിൽ കൊണ്ടുപോയി വെക്കുകയല്ല ചെയ്യേണ്ടതെന്നും മദൻ കൂട്ടിച്ചേർത്തു.
‘പിസിബി തലവൻ അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ രാജ്യത്തിന്റെയും വില കളഞ്ഞു. ട്രോഫി വാങ്ങാൻ സൂര്യകുമാർ യാദവ് എന്തിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഓഫിസിൽ പോകണം? നഖ്വിക്ക് ഒരു വിവരവുമില്ല. അദ്ദേഹത്തിന്റെ രാജ്യത്ത് എല്ലാം തീരുമാനിക്കുന്നത് സൈന്യമാണ്.’’– മദൻ ലാൽ തന്റെ നിലപാട് കടുപ്പിച്ചു.
അതേ സമയം പാക്സിതാനിന്റെ മന്ത്രിയായ മൊഹ്സിൻ നഖ്വിയിൽനിന്ന് ഏഷ്യാകപ്പ് ട്രോഫി വാങ്ങില്ലെന്നാണ് ഇന്ത്യൻ ടീമിന്റെ നിലപാട്. ഫൈനലിനു ശേഷം ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽ തുടർന്നെങ്കിലും, മൊഹ്സിൻ നഖ്വി ട്രോഫിയുമായി സ്റ്റേഡിയം വിടുകയായിരുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ വൻ വിമർശനമുയർന്നതോടെ ട്രോഫി നൽകാമെന്ന് മൊഹ്സിൻ നഖ്വി സമ്മതിച്ചിരുന്നു. എന്നാൽ എസിസിയുടെ ഓഫിസിലെത്തി, ചെയർമാന്റെ കയ്യിൽനിന്നു തന്നെ സ്വീകരിക്കണമെന്നാണ് നഖ്വിയുടെ നിലപാട്.
Content Highlights: 'In Pakistan everything is decided by armed forces': Madan Lal notes Mohsin Naqvi