'ഫോമല്ല, ജഡേജയെ ഒഴിവാക്കിയതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്'; തുറന്നുപറഞ്ഞ് അഗാർക്കർ

രോഹിത് ശർമ്മ, വിരാട് കോലി എന്നിവരെ ഉൾപ്പെടുത്തിയിട്ടുള്ള സ്ക്വാഡിൽ മിന്നും ഫോമിലുള്ള ജഡേജയെ ഒഴിവാക്കിയതിനെയാണ് ആരാധകർ ചോദ്യം ചെയ്തത്

ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ഏകദിന, ടി20 പരമ്പരക്കുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയെ ഏകദിന നായകസ്ഥാനത്ത് നിന്നും മാറ്റി. ടെസ്റ്റ് നായകന്‍ ശുഭ്മന്‍ ഗില്‍ തന്നെയാണ് ഇന്ത്യന്‍ ടീമിനെ ഏകദിനത്തില്‍ നയിക്കുക.

ഏകദിന സ്ക്വാഡിൽ ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രോഹിത് ശർമ്മ, വിരാട് കോലി എന്നിവരെ ഉൾപ്പെടുത്തിയിട്ടുള്ള സ്ക്വാഡിൽ മിന്നും ഫോമിലുള്ള ജഡേജയെ ഒഴിവാക്കിയതിനെയാണ് ആരാധകർ ചോദ്യം ചെയ്തത്. ഇപ്പോൾ കഴിഞ്ഞ വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ‌ സെഞ്ച്വറിയടിച്ച് പ്ലേയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തതും ജഡേജയെയാണ്.

ഇപ്പോഴിതാ താരത്തെ ഏകദിന സ്ക്വാഡിൽ ഇടം നൽകാത്തതിൽ പ്രതികരിക്കുകയാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ. താരത്തിൻ്റെ ഫോം മോശമായതുകൊണ്ടല്ല ഈ തീരുമാനം എടുത്തതെന്നും ഓസ്‌ട്രേലിയയിലെ പിച്ചുകളിലെ സാഹചര്യങ്ങളെ കണക്കിലെടുത്താണ് താരത്തിനെ ഉൾപ്പെടുത്താത്തതെന്നും അഗാക്കർ വ്യക്തമാക്കി. 2027 ഏകദിന ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ ജഡേജ പ്രധാന താരമാണെന്നും കുറഞ്ഞ മത്സരങ്ങൾ ഉള്ളതിനാൽ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഈ പരമ്പരയിൽ ഒരു ഇടംകയ്യൻ സ്പിന്നറെ മാത്രമേ പരിഗണിക്കാനാകൂ. രണ്ട് പേരെ ഉൾപ്പെടുത്താൻ സാധ്യമല്ല. വാഷിംഗ്ടൺ സുന്ദറിൻ്റെ ബാറ്റിംഗ് മികവും കുൽദീപ് യാദവിൻ്റെ റിസ്റ്റ് സ്പിൻ സാധ്യതയുമാണ് പരിഗണിച്ചത്. രവീന്ദ്ര ജഡേജ തീർച്ചയായും വരാനിരിക്കുന്ന പരമ്പരകളിൽ പരിഗണിക്കും. അദ്ദേഹത്തിൻ്റെ ഓൾറൗണ്ട് സംഭാവനകൾ ഞങ്ങൾക്കറിയാം," അഗാർക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Content Highlights: Ajit Agarkar Reveals Why Ravindra Jadeja Missed Out On India’s ODI Squad For AUS Cricket Series

To advertise here,contact us