ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്സറടിച്ച ഇന്ത്യൻ ബാറ്റർമാരുടെ പട്ടികയിൽ എംഎസ് ധോണിയെ മറികടന്ന് രവീന്ദ്ര ജഡേജ. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ 78 സിക്സറുകളാണ് ധോണി നേടിയിട്ടുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരെ നാല് സിക്സറാണ് ജഡേജയടിച്ചത്. നിലവിൽ 79 സിക്സറുകൾ താരത്തിനുണ്ട്.
മത്സരത്തിൽ ഇതുവരെ നാല് സിക്സറാണ് ജഡേജ അടിച്ചത്. ഇന്നിങ്സിൽ 50 റൺസും കടന്ന് മുന്നേറുകയാണ് ജഡേജ. മറുവശത്ത് അർധസെഞ്ച്വറിയുമായി ധ്രുവ് ജൂറലുമുണ്ട്. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറടിച്ചിട്ടുള്ളത് മുൻ വെടിക്കെട്ട് ബാറ്ററായ വിരേന്ദർ സെവാഗാണ്. രണ്ടാം സ്ഥാാനത്തുള്ളത് വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്താണ്. രണ്ട് പേരും 90 സിക്സറാണ് അടിച്ചെടുത്തത്.
മൂന്നാമതുള്ള മുൻ നായകൻ രോഹിത് ശർമക്ക് ടെസ്റ്റ് ക്രിക്കറ്റിൽ 88 സിക്സറുകളുണ്ട്.
നേരത്തെ മത്സരത്തിൽ കെ എൽ രാഹുൽ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. 199 പന്തുകളിൽ 12 ഫോറുകൾ അടക്കം 100 റൺസാണ് നേടിയത്.. 100 പന്തിൽ 50 റൺസുമായി ശുഭ്മാൻ ഗില്ലും പുറത്തായി. ജയ്സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. സുദർശൻ (7 റൺസ്) വീണ്ടും നിരാശപ്പെടുത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല. വിൻഡീസ് ആകെ 162 മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് നാല് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.
Content Highlights- Jadeja Surpasses MS DHONI in Most Sixes for India in Test Cricket