2025-27 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബോളറായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ആസ്ട്രേലിയൻ സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്കിനെ മറികടന്നാണ് സിറാജിന്റെ നേട്ടം.
.=വെസ്റ്റിന്റീസിനെതിരായ ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ തന്നെ 4 വിക്കറ്റ് നേടിയതോടെയാണ് 31 വിക്കറ്റുകളുമായി സിറാജ് ഒന്നാമതെത്തിയത്. 29 വിക്കറ്റുകളാണ് സ്റ്റാർക്കിനുള്ളത്. 24 വിക്കറ്റുകളുമായി ഓസീസ് സ്പിന്നർ നഥാൻ ലിയോൺ ആണ് മൂന്നാമത്.
ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ കളിക്കാരനും സിറാജാണ്, ഈ വർഷം 36 വിക്കറ്റുകൾ നേടിയ സിംബാബ്വെയുടെ ബ്ലെസ്സിംഗ് മുസാരബാനിയാണ് ഒന്നാമതുള്ളത്.
മത്സരത്തിൽ ഇന്ത്യൻ പേസർമാർ തകർത്തെറിഞ്ഞപ്പോൾ വിൻഡീസ് 162 റൺസിൽ ഓൾ ഔട്ടായി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി. വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല.
മറുപടി ബാറ്റിങ്ങിൽ 20 ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് നേടിയിട്ടുണ്ട്. 36 റൺസ് നേടിയ യശ്വസി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.