ഏഷ്യാ കപ്പ് ഫൈനലിന് ശേഷമുള്ള വിവാദങ്ങളാണ് കഴിഞ്ഞ ദിവസത്തെ ക്രിക്കറ്റിലെ പ്രധാന ചർച്ച. ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയ ആവേശപ്പോരിൽ ഇന്ത്യയായിരുന്നു വിജയിച്ചത്. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. പാകിസ്താൻ ഉയർത്തിയ 147 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.
ഏഷ്യാ കപ്പ് വിജയിച്ചെങ്കിലും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻറ് മൊഹ്സിൻ നഖ്വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ഇന്ത്യൻ ടീം ഉറച്ചുനിന്നിരുന്നു. നിലപാടിൽ നിന്നും ഇന്ത്യൻ ടീം മാറാതിരുന്നതോടെ നഖ്വി ട്രോഫിയുമായി കളം വിട്ടു. ഇതോടെ ഇന്ത്യ ട്രോഫി ഇല്ലാതെ തന്നെ ആഘോഷം തുടങ്ങി. എന്നാൽ മത്സരത്തിന് ശേഷം ഇത് തങ്ങളുടെ പ്രശ്നമല്ലെന്നും ഇന്ത്യൻ ടീമംഗങ്ങളെല്ലാം തന്നെ ഗ്രൗണ്ടിൽ തന്നെയുണ്ടായിരുന്നുവെന്നും ഇന്ത്യൻ നായകനായ സൂര്യകുമാർ യാദവ് പറഞ്ഞു.
'ഞങ്ങൾ ആരും വാതിൽ അടച്ച് ഡ്രസിങ് റൂമിനുള്ളിൽ ഇരുന്നില്ല. അവതരണ ചടങ്ങിനായി ആരെയും വെയ്റ്റ് ചെയ്യിപ്പിച്ചത് ഞങ്ങളല്ല. അവർ ട്രോഫിയുമായി ഓടിപ്പോകുന്നതാണ് ഞാൻ കണ്ടത്. ചിലർ ഞങ്ങളുടെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു, പക്ഷേ ഞങ്ങൾ അകത്തേക്ക് പോകാതെ നിൽക്കുകയായിരുന്നു.
ആദ്യം തന്നെ പറയാം. സർക്കാരിൽ നിന്നും ബിസിസിഐയിൽ നിന്നോ ആരും തന്നെ ഞങ്ങളോട് ആരെലും ട്രോഫി തന്നാൽ വാങ്ങരുത് എന്ന് പറഞ്ഞിട്ടില്ല. ഗ്രൗണ്ടിൽ വെച്ച് ഞങ്ങളാണ് ആ തീരുമാനം എടുത്തത്. എസിസിയുടെ ആളുകൾ സ്റ്റേജിലുണ്ടായിരുന്നു, ഞങ്ങൾ താഴെയും. കാണികൾ കൂവാൻ തുടങ്ങിയപ്പോൾ അവരിൽ ഒരാൾ ട്രോഫിയുമായി ഓടിപോകുന്നതാണ് ഞങ്ങൾ കണ്ടത്,' സൂര്യ പറഞ്ഞു. മൊഹ്സിൻ നഖ് വിയുടെ ഈ പ്രവർത്തിക്കെതിരെ ഐസിസിക്ക് പരാതി നൽകുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു.
Content Highlights- Suryakumar Yadav Says it was Not Indias Fault